പൊലീസിന് നേരെ ബോംബെറിഞ്ഞ പ്രതിയെ നാട്ടുകാർ പിടികൂടി; ഒരാളെ കിണറ്റിലിടാനും ഷെഫീഖിന്റെ ശ്രമം

തിരുവനന്തപുരം• മംഗലപുരത്ത് പൊലീസിനുനേരെ ബോംബെറിഞ്ഞ കേസില്‍ മുഖ്യപ്രതി പിടിയില്‍. അണ്ടൂര്‍ക്കോണം സ്വദേശി ഷഫീഖാണ് ആര്യനാട് നിന്ന് പിടിയിലായത്. ഒളിവിൽ കഴിയുന്നതിനിടെ ആര്യനാടും അതിക്രമം കാണിച്ച ഷെഫീഖിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.പുത്തൻതോപ്പ് സ്വദേശിയായ നിഖിൽ നോർബെറ്റ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിയായ ഷെഫീഖിന്റെ വീട് തിരിച്ചറിഞ്ഞ് എത്തിയപ്പോഴാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ബോംബേറുണ്ടായത്. ഉച്ചയ്ക്ക് പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ് ഷെഫീഖ് രക്ഷപ്പെട്ടിരുന്നു. പിന്നീട് ഷെഫീഖ് വീട്ടിലുണ്ടെന്നറിഞ്ഞ് രാത്രിയോടെ പൊലീസ് എത്തിയെങ്കിലും വീണ്ടും പൊലീസിനു നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.Read also: ഹെല്‍മറ്റ് വയ്ക്കാന്‍ നിര്‍ദേശിച്ചു; എസ്ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

ഒളിവിൽ പോയ ഷെഫീഖ് ആര്യനാടുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചു താമസിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചോദ്യം ചെയ്യാൻ എത്തിയപ്പോൾ ഷെഫീഖ് അവരെ മർദിക്കുകയും ഒരാളെ കിണറ്റിൽ എടുത്തിടാൻ ശ്രമിക്കുകയും ചെയ്തും. ബഹളം കേട്ട് കൂടുതൽ നാട്ടുകാർ എത്തി ഷെഫീഖിനെ തടഞ്ഞുവച്ച് ആര്യനാട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഷെഫീഖിനൊപ്പം മറ്റൊരാൾ ഉണ്ടായിരുന്നു. ഇയാൾ ഓടി രക്ഷപ്പെട്ടെന്നാണ് വിവരം.