അറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയുടെ മതിൽ അപകടാവസ്ഥയിൽ

ആറ്റിങ്ങൽ : വലിയകുന്ന് താലൂക്കാശുപത്രിയുടെ മതിലിന്റെ പല ഭാഗങ്ങളും പൊളിഞ്ഞ്‌ മാസങ്ങളായിട്ടും മതിൽ പുനർനിർമിക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ നടപടികളില്ല. വടക്കുഭാഗത്ത് പ്രധാന റോഡിന്റെ വശത്തും കിഴക്കുഭാഗത്ത് ഇടറോഡിന്റെ വശത്തുമുള്ള മതിലാണ് പൊളിഞ്ഞത്. ആശുപത്രിയുടെ ആരംഭകാലത്ത് കരിങ്കല്ലിൽ നിർമിച്ച മതിലാണ് ഇപ്പോഴുമുള്ളത്. കാലപ്പഴക്കംകൊണ്ട് ഇതിൽനിന്നും കല്ലുകൾ ഇളകി വീഴുകയും പിന്നീട് ഓരോ ഭാഗങ്ങളായി പൊളിഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയുടെ ഗേറ്റിനോടുചേർന്ന ഭാഗത്തെ മതിൽ പൊളിഞ്ഞുവീണത് അടുത്തകാലത്ത് നന്നാക്കിയിരുന്നു. എന്നാൽ, വടക്കുകിഴക്ക് ഭാഗങ്ങളിലെ മതിൽ നന്നാക്കാൻ നടപടികളുണ്ടായില്ല. ആശുപത്രിയിൽ പുതിയ കെട്ടിടങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇവ പൂർത്തിയാകുന്നതിനൊപ്പം മതിലുകൂടി പുനർനിർമിച്ച് ആശുപത്രിവളപ്പ് സുരക്ഷിതമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.