▪️സ്‌കൂള്‍ ബസ് എപ്പോഴെത്തുമെന്ന് മൊബൈല്‍ ആപ്പില്‍ അറിയാം. സ്‌കൂള്‍വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാന്‍ കഴിയുന്ന 'വിദ്യാവാഹന്‍' ആപ്പ് ഇന്ന് പ്രവര്‍ത്തനസജ്ജമാകും.
സ്‌കൂള്‍ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ് തയ്യാറാക്കിയ 'സുരക്ഷാമിത്ര' സോഫ്റ്റ് വെയറില്‍നിന്നുള്ള വിവരങ്ങളാണ് മൊബൈല്‍ ആപ്പില്‍ ലഭിക്കുക.
നിലവില്‍ അംഗീകൃത സ്‌കൂള്‍ വാഹനങ്ങള്‍ക്കെല്ലാം വെഹിക്കിള്‍ ലൊക്കേഷന്‍ ഡിവൈസ് (ജി.പി.എസ്.) നിര്‍ബന്ധമാണ്. വാഹനത്തിന്റെ സഞ്ചാരപഥം, വേഗം എന്നിവയെല്ലാം ഓണ്‍ലൈനില്‍ അറിയാനാകും. വാഹനം അപകടത്തില്‍പ്പെട്ടാല്‍ വിവരം ഉടന്‍ കണ്‍ട്രോള്‍ റൂമിലും എത്തും.
'സുരക്ഷാമിത്ര' സംവിധാനം രണ്ടുവര്‍ഷത്തിലേറെയായി സജ്ജമാണെങ്കിലും മൊബൈല്‍ ആപ്പ് ഇല്ലാത്തതിനാല്‍ ഇതിന്റെ പ്രയോജനം രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ലഭിച്ചിരുന്നില്ല. 'സുരക്ഷാമിത്ര'യില്‍നിന്നുള്ള ഡേറ്റ ആപ്പിലേക്ക് സ്വീകരിക്കുന്നതിലെ തടസ്സമായിരുന്നു കാരണം. അടുത്തിടെയാണ് ഇത് പരിഹരിച്ചത്.
വിദ്യാവാഹന്‍' ആപ്പ്
- ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.
- രക്ഷിതാവിന്റെ മൊബൈല്‍ നമ്പറിലാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. ഈ നമ്പറായിരിക്കണം സ്‌കൂളിലും നല്‍കേണ്ടത്.
- ഓരോ സ്‌കൂള്‍വാഹനങ്ങള്‍ക്കും പ്രത്യേക യൂസര്‍നെയിമും ലോഗിനും നല്‍കിയിട്ടുണ്ട്. ഇതുപയോഗിച്ച് ബസിന്റെ റൂട്ട് മാപ്പും യാത്രചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും (രക്ഷിതാക്കളുടെ മൊബൈല്‍ നമ്പറും) ഉള്‍ക്കൊള്ളിക്കണം.
- ബസ് യാത്ര തുടങ്ങുന്നതുമുതല്‍ രക്ഷിതാക്കള്‍ക്ക് യാത്ര നിരീക്ഷിക്കാനാകും. അതിവേഗമെടുത്താല്‍ രക്ഷിതാവിനും മുന്നറിയിപ്പ് ലഭിക്കും. കുട്ടികള്‍ വെവ്വേറെ സ്‌കൂളുകളിലാണെങ്കിലും ഒറ്റ ആപ്പില്‍ നിരീക്ഷിക്കാം. 24,530 സ്‌കൂള്‍ ബസുകള്‍ സുരക്ഷാമിത്രയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആപ്പ് സൗജന്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ബുധനാഴ്ച ) പദ്ധതി ഉദ്ഘാടനം ചെയ്യും.