തിരുവനന്തപുരം • കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചരിത്രം രചിച്ച് ഇന്ത്യ. വെടിക്കെട്ട് ബാറ്റിങ്ങിനു മുൻപിൽ ശ്രീലങ്ക തകർന്നു തരിപ്പണമായപ്പോൾ 3 ഏകദിനങ്ങളും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. 317 റൺസിനാണ് ഇന്ത്യയുടെ പടുകൂറ്റൻ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക മൂന്നക്കംപോലും തികയ്ക്കുന്നതിനു മുൻപേ അടിയറവ് പറഞ്ഞു. 2008 ജൂലൈയിൽ 290 റൺസിന് അയർലൻഡിനെ ന്യൂസീലൻഡ് തോൽപ്പിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഈ റെക്കോർഡാണ് ഇന്ത്യൻ ടീം തിരുത്തിയത്.കളി കാണാനെത്തിയവരുടെ എണ്ണം കുറഞ്ഞുപോയെങ്കിലും, കളത്തിലെ ‘ഷോ’ ഇന്ത്യൻ താരങ്ങൾ ഒട്ടും കുറച്ചില്ല! സൂപ്പർതാരം വിരാട് കോലിയും ഭാവി സൂപ്പർതാരം ശുഭ്മൻ ഗില്ലും സെഞ്ചറികളുമായി മത്സരിച്ച് തകർത്തടിച്ചു. വൺഡൗണായി ഇറങ്ങി തകർപ്പൻ സെഞ്ചറിയുമായി പുറത്താകാതെ നിന്ന മുൻ ക്യാപ്റ്റൻ കൂടിയായ വിരാട് കോലി (110 പന്തിൽ 166*), ശുഭ്മൻ ഗിൽ (97 പന്തിൽ 116) എന്നിവരാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തേതന്നെ സ്വന്തമാക്കിയിരുന്നു.ബോളർമാരെ പിന്തുണയ്ക്കുന്ന പതിവിനു വിട നൽകി ഇത്തവണ ബാറ്റർമാരെ കനിഞ്ഞനുഗ്രഹിച്ച കാര്യവട്ടത്തെ പിച്ചിൽ, കോലിയുടെയും ഗില്ലിന്റെയും നേതൃത്വത്തിൽ ഇന്ത്യൻ താരങ്ങൾ ശ്രീലങ്കയെ തച്ചുതകർക്കുകയായിരുന്നു. കളത്തിലിറങ്ങിയവരെല്ലാം തകർത്തടിച്ചതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്കെത്തിയത്. 110 പന്തുകൾ നേരിട്ട കോലി 13 ഫോറും എട്ടു സിക്സും സഹിതമാണ് 166 റൺസെടുത്തത്. ഇതോടെ, ഹോംഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമായി കോലി മാറി. സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡാണ് കോലി മറികടന്നത്. ഗില്ലാകട്ടെ, 97 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതമാണ് 116 റൺസെടുത്തത്. കാര്യവട്ടത്തെ ആദ്യ രാജ്യാന്തര സെഞ്ചറിയാണ് ഗില്ലിന്റേത്.ക്യാപ്റ്റൻ രോഹിത് ശർമ (49 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 42), ശ്രേയസ് അയ്യർ (32 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 38) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. ആരാധകരുടെ കയ്യടികൾക്കിടെ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് നാലു പന്തിൽ നാലു റൺസെടുത്ത് പുറത്തായി. കെ.എൽ.രാഹുൽ ആറു പന്തിൽ ഏഴു റൺസെടുത്തു. അക്ഷർ പട്ടേൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ടും ഇവരുടെ വകയാണ്. മൂന്നാം വിക്കറ്റിൽ 110 പന്തിൽ നിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 131 റൺസ്. ഗിൽ പുറത്തായ ശേഷം ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് വീണ്ടും സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് കോലി ഇന്ത്യയെ 350 കടത്തിയത്. നാലാം വിക്കറ്റിൽ 71 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 108 റൺസ്. ഇതിനു പുറമെ ഇന്ത്യൻ ഇന്നിങ്സിൽ ഒരു അർധസെഞ്ചറി കൂട്ടുകെട്ട് കൂടിയുണ്ട്. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ – ശുഭ്മൻ ഗിൽ സഖ്യം 92 പന്തിൽ അടിച്ചുകൂട്ടിയത് 95 റൺസ്!ശ്രീലങ്കൻ നിരയിൽ കസൂൻ രജിത 10 ഓവറിൽ 81 റൺസ് വഴങ്ങിയും ലഹിരു കുമാര 10 ഓവറിൽ 87 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ചാമിക കരുണരത്‌നെ എട്ട് ഓവറിൽ 58 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഉമ്രാൻ മാലിക്ക് എന്നിവർക്കു പകരം സൂര്യകുമാർ യാദവ്, വാഷിങ്ടൻ സുന്ദർ എന്നിവർക്ക് അവസരം നൽകിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.