ഭക്ഷ്യവിഷബാധ; കോട്ടയത്തെ ഹോട്ടല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ രശ്മി രാജ് മരിച്ച സംഭവത്തില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് കരുതുന്ന ഹോട്ടല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിലേക്കാണ് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. തുടര്‍ന്ന് സിസിടിവി അടക്കം അടിച്ചുതകര്‍ക്കുകയായിരുന്നു.

മലപ്പുറം കുഴിമന്തിയില്‍ നിന്ന് 29ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് (33) കഴിഞ്ഞദിവസം മരിച്ചത്. മെഡിക്കല്‍ കോളജ് നഴ്‌സിങ് ഹോസ്റ്റലിലേക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കിയാണ് ഭക്ഷണം വരുത്തിച്ചത്. അല്‍ഫാം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഹോട്ടലിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്.രേഖകള്‍ പ്രകാരം ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്ക് ഇതുവരെ ഭക്ഷ്യവിഷബാധയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ഥത്തില്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരിക്കാമെന്നാണ് വിവരം. ഇതിന് പിന്നാലെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം. ഹോട്ടലിനെതിരെ പ്രതിഷേധിക്കുക എന്ന പോസ്റ്റര്‍ ഒട്ടിച്ച ശേഷമായിരുന്നു പ്രതിഷേധ പ്രകടനം. 

രണ്ടു മാസം മുന്‍പ് വ്യാപക പരാതി ഉണ്ടായതിനെത്തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി പൂട്ടിയ ഹോട്ടലില്‍ നിന്ന് വീണ്ടും ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ഭക്ഷ്യസുരക്ഷാ നടപടികള്‍ പ്രഹസനമായതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. രശ്മിയുടെ സഹോദരന്‍ വിഷ്ണുരാജിനും ഈ ഹോട്ടലില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. 

രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോള്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ വയറ്റില്‍ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടന്‍ ട്രോമ കെയര്‍ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. 2015-16 വര്‍ഷം മുതലാണ് പാലത്തറ സ്വദേശിനിയായ രശ്മി രാജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിക്കെത്തിയത്.