ചാരുംമൂട് : ആലപ്പുഴ ചാരുംമൂട്ടിൽ നിന്നും കള്ളനോട്ടു പിടിച്ച കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി തിരുവനന്തപുരം തമ്പാനൂർ രാജാജി നഗറില്‍ താമസിക്കുന്ന രത്തിനം ബാബു (46) വിനെയാണ് നൂറനാട് സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ മുഖ്യപ്രതിയടക്കം കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ മുഖ്യപ്രതി ഷംനാദിന്‍റെ ഏറ്റവും അടുത്ത സഹായിയാണ് രത്തിനം ബാബു.
നോട്ടടിച്ച് ഇടപാടുകാർക്ക് നൽകിയിരുന്ന മുഖ്യപ്രതി തിരുവനന്തപുരം കരമന സ്വദേശി ഷംനാദ്, സഹായി കൊട്ടാരക്കര വാളകം സ്വദേശി ശ്യാം ശശി, ഈസ്റ്റ് കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റ് ക്ലീറ്റസ്, ചാരുംമൂട് ചുനക്കര കോമല്ലൂർ സ്വദേശി രഞ്ജിത്ത്, താമരക്കുളംപേരൂർക്കാരാണ്മ സ്വദേശി ലേഖ, ഇടുക്കി സ്വദേശി ദീപു ബാബു എന്നിവരാണ് കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്നത്.
സൈബർ സെല്ലിന്‍റെ സഹായത്തോടെയും, ഷംനാദിന്‍റെ മൊബെൽ നമ്പർ പരിശോധിച്ചതിൽ നിന്നാണ് രത്തിനം ബാബുവിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മീറ്റർ വർക് ഷോപ്പിലും ടാക്സി ഡ്രൈവറായും ജോലി നോക്കിയിരുന്ന ഇയാൾ ഷംനാദിന്‍റെ ടാക്സി വണ്ടികൾ ഓടിച്ചിരുന്നു. ഈ പരിചയമാണ് പ്രധാന സഹായി എത്താൻ കാരണം. തിരുവനന്തപുരത്തും, വാളകത്തും ലോഡ്ജിൽ വെച്ചും, തിരുവനന്തപുരം നെല്ലിമുക്കിലുള്ള റിസോർട്ടിൽ വെച്ചും, ഓച്ചിറയിലും, ഇടപ്പള്ളി കോട്ടയിലുമുള്ള വാടക വീട്ടിൽ വെച്ചും കള്ളനോട്ടടിക്കുന്ന സമയങ്ങളിൽ രത്തിനം ബാബു ഷംനാദിനൊപ്പം ഉണ്ടായിരുന്നു.