*ആറ്റിങ്ങല്‍ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ അരിയിട്ട് വാഴ്ച ചടങ്ങ് ഇന്ന് നടക്കും.*

ആറ്റിങ്ങല്‍ കൊട്ടാരത്തിലെ രാജകുടുബാംഗങ്ങളുടെ പരദേവത കുടികൊള്ളുന്ന ക്ഷേത്രമാണ് ആറ്റിങ്ങല്‍ കൊല്ലമ്പുഴ തിരുവാറാട്ടുകാവ്. മകരം ഒന്‍പതാം തീയതി ആചാരപ്രകാരമുള്ള അരിയിട്ടു വാഴ്ചക്ക് തിരുവിതാംകൂര്‍ രാജ സ്ഥാനീയന്‍ എത്തണമെന്നാണ് നിബന്ധന. അങ്ങനെ എത്താതിരുന്നാല്‍ പ്രയശ്ചിത്തമായി പൊന്നും ആനയും ദേവിയ്ക്ക് കാണിയ്ക്ക വയ്ക്കണം. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനും ആറ്റിങ്ങല്‍ തിരുവാറാട്ടുകാവിലെ അരിയിട്ടു വാഴ്ചയ്ക്കുമാണ് രാജസ്ഥാനീയര്‍ ഉടവാളെന്തുന്നത്. രാജ്യത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനും കുടുബാംഗങ്ങളുടെ ശ്രേയസ്സിനും വേണ്ടിയാണ് രാജഭരണകാലത്ത്അരിയിട്ടു വാഴ്ച നടത്തിയിരുന്നത്. അത് ഇപ്പോഴും മുറതെറ്റാതെ തുടരുകയാണ്. മകരക്കൊയ്ത്തിന്റെ ആദ്യ വിള ദേവിക്കും രാജാവിനും അര്‍പ്പിക്കുന്ന ചടങ്ങായും ഇതിന് വിലയിരുത്തുന്നുണ്ട്. ഈ വര്‍ഷത്തെ അരിയിട്ട് വാഴ്ച ചടങ്ങുകള്‍ക്കായുള്ള ഒരുക്കം പൂര്‍ത്തിയായായി. വൈകുന്നേരം സൂര്യാസ്തമയ സമയത്താണ് ചടങ്ങ് നടക്കുക. ക്ഷേത്രത്തില്‍ ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞു. ദേവസ്വം ബോര്‍ഡ് ഉന്നതോദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കുവാനെത്തിച്ചേരും.