ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വധശ്രമക്കേസിൽ നിലവിലെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് അനുകൂലമായി കേരള ഹൈക്കോടതി വിധി പറഞ്ഞതിനെ തുടർന്നാണ് കമ്മീഷന്റെ നടപടി. വധശ്രമക്കേസിൽ കവരത്തി കോടതി മുഹമ്മദ് ഫൈസലിന് ശിക്ഷ വിധിച്ചതിനെ തുടർന്നായിരുന്നു ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തീരുമാനിച്ചിരുന്നത്. അടുത്ത മാസം 27 നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കുന്ന വേളയിൽ ഈ കേസിലെ ഹൈക്കോടതി വിധിയിൽ മുന്നോട്ട് പോകണെമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേരള ഹൈക്കോടതി വിധിയിലൂടെ എംപിയുടെ ശിക്ഷ റദ്ധാക്കിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുക്കണമെന്ന് പരാമർശിച്ചിരുന്നു. തുടർന്നാണ്, ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിക്കാൻ കമ്മീഷൻ തീരുമാനിക്കുന്നത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഹമ്മദ് ഫൈസൽ വീണ്ടും എംപിയായി തുടരുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.