പാറശാല • രോഗികളെ പരിശോധിക്കുന്നതിന് അവധി പ്രഖ്യാപിച്ച ഡോക്ടർമാരുടെ നടപടിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രിയുടെ ഉത്തരവ്. ചെങ്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ചട്ടങ്ങൾ ലംഘിച്ച് ഡോക്ടർമാർ കൂട്ട അവധി എടുത്തതോടെ മെഡിക്കൽ ഒാഫീസർ ഇന്നലെ ഒപി പ്രവർത്തനം റദ്ദാക്കിയത്. ദിവസം മുന്നൂറോളം പേർ ചികിത്സ തേടി എത്തുന്ന ആശുപത്രിയിൽ രണ്ട് പിഎസ്‌സി ഡോക്ടർമാരും ഒരു എൻആർഎച്ച്എം ഡോക്ടറും നിലവിലുണ്ട്.ഇന്നലെ രാവിലെ രോഗികൾ എത്തിയപ്പോൾ ഇന്ന് ഒപി പ്രവർത്തനമില്ലെന്നു കാട്ടി ഗേറ്റിൽ ബോർഡ് ഒട്ടിച്ചിരുന്നു. ആശുപത്രിയിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ഡോക്ടർമാരുടെ കൂട്ട അവധിയാണ് ഒപി പ്രവർത്തനം റദ്ദാക്കിയതെന്ന് ആയിരുന്നു മറുപടി. സംഭവം അറിഞ്ഞ് സിപിഎം ചെങ്കൽ എൽസി സെക്രട്ടറി കെ.എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ സമരം ആരംഭിച്ചതോടെ ഡിഎംഒ ഇടപെട്ട് ഉച്ചയ്ക്ക് 12.45 ഒാടെ പൂവാർ ആശുപത്രിയിൽ നിന്ന് ഒരു ഡോക്ടറെ ചെങ്കലിൽ എത്തിച്ച് രോഗികൾക്ക് ചികിത്സ നൽകി.കഴിഞ്ഞ തിങ്കളാഴ്ചയും ആശുപത്രിയിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നു സമീപവാസികൾ പറയുന്നു. ചെങ്കൽ ആശുപത്രിക്ക് സമീപം ചെങ്കൽ സായികൃഷ്ണ പബ്ളിക് സ്കൂളിൽ എൻട്രൻസ് പരീക്ഷ ഇന്നലെ നടക്കുന്നതിനാൽ സമീപ ആശുപത്രിയിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന് ഡിഎംഒ മെഡിക്കൽ ഒാഫീസറെ കഴിഞ്ഞ ദിവസം രേഖാമൂലം അറിയിച്ചിട്ടും അവധി എടുത്തത് കടുത്ത അച്ചടക്ക ലംഘനമാണെന്നും ആരോപണം ഉണ്ട്. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പ്രാദേശിക സിപിഎം നേതാക്കൾ ബന്ധപ്പെട്ടപ്പോൾ മെഡിക്കൽ ഒാഫീസറുടെ പ്രതികരണം പരുഷമായിരുന്നു.ആശുപത്രിക്ക് അവധി നൽകിയ സംഭവം ശ്രദ്ധയിൽ പെട്ടതോടെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ഉടൻ നിർദേശം നൽകി. അൻപത് പേർക്ക് കിടത്തി ചികിത്സ നടത്താൻ വേണ്ട സംവിധാനമുള്ള ആശുപത്രിയിൽ ഐപി സേവനം നിലച്ചിട്ട് രണ്ട് വർഷത്തോളമായി. കിടത്തി ചികിത്സ വിഭാഗം വീണ്ടും ആരംഭിക്കണമെന്ന് ആവശ്യം ശക്തമായിട്ടും പഞ്ചായത്ത് ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടില്ല.