ശബരിമല തീർത്ഥാടക സംഘത്തിലെ കുട്ടികളെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടക സംഘത്തിനും വാഹനത്തിനും നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ ഗുരുമന്ദിരം കന്നിട്ടവെളിയിൽ അർജ്ജുൻ വിഷ്ണുവിനെയാണ് (26) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച്ച രാത്രി 11.30ന് കളർകോട് ജംഗ്ഷനിലായിരുന്നു സംഭവം. നിലമ്പൂർ സ്വദേശികളായ 9 കുട്ടികളടക്കമുള്ള 39 അംഗ തീർത്ഥാടകസംഘം ചായകുടിക്കുന്നതിന് കളർകോട് ജംഗ്ഷനിൽ വാഹനം നിർത്തി. ഇതേ സമയം അർജ്ജുന്റെ ബൈക്കും ഇവരുടെ വാഹനത്തിന് സമീപത്ത് പാർക്ക് ചെയ്തിരുന്നു. യുവാവിനൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. തീർത്ഥാടക സംഘത്തിലെ കുട്ടികളിൽ ചിലർ യുവാവിന്റെ ബൈക്കിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുത്തു.ഇത് കണ്ടതോടെ അർജ്ജുൻ കുട്ടികളെ ബൈക്കിൽ നിന്ന് തള്ളിയിട്ടുവെന്നാണ് തീർത്ഥാടകർ പറയുന്നത്. ഇയാളുടെയും യുവതിയുടെയും ചിത്രങ്ങൾ പകർത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി വിഷ്ണുവിന്റെ മകൾ അലീന, ബന്ധു വൃന്ദാവന (9) എന്നീ കുട്ടികളുടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തീർത്ഥാടകരും യുവാവും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.സംഘർഷത്തിൽ യുവാവിനും മർദനമേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മടങ്ങിപോയ വിഷ്ണു കൈക്കോടാലിയുമായി തിരികെയെത്തി തീർത്ഥാടകരുടെ ബസിന്റെ വാതിൽ ചില്ലുകൾ അടിച്ചുപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. തീർത്ഥാത്ഥാടകരുടെ പരാതിയിൽ ആലപ്പുഴ സൗത്ത്‌പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരവെ വൈകുന്നേരത്തോടെയാണ് അർജ്ജുൻ അറസ്റ്റിലായത്.