കല്ലറ : പാങ്ങോട് പുലിപ്പാറയിൽ പുലിയെ കണ്ടെന്ന് വീട്ടമ്മ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പുലിപ്പാറ ശാസ്താംകുന്ന് സ്വദേശിനിയായ വീട്ടമ്മ ആടിനെ മേയ്ക്കുന്നതിനിടയിലാണ് സമീപത്തെ റബ്ബർ പുരയിടത്തിൽ പുലിയെ കണ്ടതായി പറയുന്നത്.
തുടർന്ന് ഇവർ അയൽവാസികളേയും പാങ്ങോട് പോലീസിലും വിവരം അറിയിച്ചു. പോലീസ് അറിയിച്ചതനുസരിച്ച് പാലോട്ടുനിന്നു വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചെങ്കിലും പുലിയെന്ന് സംശയിക്കാൻ തക്ക തെളിവുകളൊന്നും ലഭിച്ചില്ല.