സജി ചെറിയാനെ കോടതി കുറ്റവിമുക്തനാക്കാത്തതിനാൽ മന്ത്രിസഭാ പുനഃപ്രവേശം ഗവർണർക്ക് തടയാം; നിയമോപദേശത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിൽ ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിന്റെ വിശദാംശങ്ങൾ പുറത്ത്. ഇക്കാര്യത്തിൽ അനാവശ്യ തിടുക്കം വേണ്ടെന്നാണ് നിയമോപദേശം. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന ഭരണഘടനാ സത്യപ്രതിജ്ഞയ്ക്ക് യോജിച്ചതല്ല പ്രസംഗമെന്ന നിയമോപദേശമാണ് ​ഗവർണർക്ക് ലഭിച്ചത്. കോടതി സജിചെറിയാനെ കുറ്റവിമുക്തനാക്കാത്ത പക്ഷം മന്ത്രിസഭാ പുനഃപ്രവേശം ഗവർണർക്ക് തടയാം. മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കുന്നതിന് പകരം കൂടുതൽ വിശദാംശങ്ങൾ ഗവർണർക്ക് തേടാനുള്ള സ്വാതന്ത്ര്യമുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവർണർ പാലിച്ചു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഗവർണറുടെ ലീഗൽ അഡ്വൈസർ ഡോ.എസ്. ഗോപകുമാരൻ നായരാണ് നിയമോപദേശം നൽകിയത്.മന്ത്രി സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തിൽ അതൃപ്തിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തേ രം​ഗത്തെത്തിയിരുന്നു. സജി ചെറിയാന്റെ കാര്യത്തിൽ അസാധാരണ സ്ഥിതിവിശേഷമാണുള്ളതെന്ന് ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയിൽ കഴമ്പുള്ളതിനാലാണ് സജി ചെറിയാൻ രാജിവച്ചത്. ആ സാഹചര്യത്തിന് എന്ത് മാറ്റമുണ്ടായെന്ന് പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു.നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണ്. കൂടുതൽ പരിശോധനയ്ക്ക് ശേഷം നിയമപമരായി തീരുമാനമെടുക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. നിലവിൽ ഗവർണറെടുത്ത തീരുമാനം സർക്കാരിനെ അറിയിക്കും. അതേസമയം സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിലുള്ള കേസ് അവസാനിപ്പിക്കാൻ തിരുവല്ല കോടതിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതും ധാർമികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ദിവസം കരിദിനമായി ആചരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.