തിരക്കുള്ള നഗരം, മേല്‍പ്പാലത്തിൽ നിന്ന് നോട്ടുകള്‍ വാരിയെറിഞ്ഞ് യുവാവ്; പെറുക്കി കൂട്ടാൻ വൻ ജനക്കൂട്ടം!

ബംഗളൂരു: കർണാടകയിൽ ഫ്ലൈ ഓവറിന് മുകളിൽ നിന്ന കൊണ്ട് നോട്ടുകള്‍ താഴേക്ക് വലിച്ചെറിഞ്ഞ് യുവാവ്. കോട്ടും സ്യൂട്ടും ധരിച്ച് ബംഗളൂരുവിലെ തിരക്കുള്ള കെ ആർ മാർക്കറ്റ് ഫ്ലൈ ഓവറിന് മുകളിൽ നിന്നാണ് യുവാവ് പത്തു രൂപയുടെ നോട്ടുകൾ താഴേക്ക് വാരിയെറിഞ്ഞത്. ഇയാൾ നോട്ടുകൾ വലിച്ചെറിയാൻ തുടങ്ങിയതോടെ താഴെ ആളുകൾ കൂട്ടം കൂടി. പിന്നെ നോട്ടുകള്‍ പെറുക്കിയെടുക്കുന്നതിനുള്ള മത്സരമാണ് താഴെ കണ്ടത്.ഇതോടെ ഫ്ലൈ ഓവറിന് മുകളിലും താഴെയും വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. താഴേക്ക് എറിഞ്ഞ നോട്ടുകള്‍ കാറ്റത്ത് തിരികെ മേല്‍പ്പാലത്തിലേക്ക് വരുന്നുണ്ടായിരുന്നു. ആളുകൾ ഇവ ശേഖരിക്കാൻ നിർത്തിയതോടെ ഇരുചക്രവാഹനങ്ങൾ മേൽപ്പാലത്തിന്റെ വശങ്ങളിൽ നിരന്നു. സ്കൂട്ടറിലാണ് യുവാവ് മേല്‍പ്പാലത്തിലേക്ക് വന്നത്. തുടര്‍ന്ന് രണ്ട് വശത്തേക്കും നോട്ടുകള്‍ താഴേക്ക് പറത്തുകയായിരുന്നു.ഇതിന് ശേഷം സ്കൂട്ടറില്‍ തന്നെ മടങ്ങുകയും ചെയ്തു. മൂവായിരം രൂപയോളം ഫ്ലൈ ഓവറിന് മുകളിൽ നിന്ന കൊണ്ട് യുവാവ് താഴേക്ക് വലിച്ചെറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളുകൾ വാഹനങ്ങള്‍ വരെ നിര്‍ത്തിയ ശേഷം യുവാവിനോട് പണം ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ആരാണ് നോട്ടുകള്‍ വലിച്ചെറിഞ്ഞതെന്നും കാരണമെന്താണെന്നും വ്യക്തമായിട്ടില്ല.പൊലീസ് എത്തിയപ്പോഴേക്ക് യുവാവ് സ്ഥലം വിട്ടിരുന്നു. സംഭവത്തിൽ കെ ആർ മാർക്കറ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുവാവ് മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് നോട്ടുകള്‍ എറിയുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. യുവാവ് തന്‍റെ ജീവിതം മടുത്തുവെന്നും അതിനാല്‍ കൈവശമുള്ള പണം വലിച്ചെറിയുകയായിരുന്നു എന്ന തരത്തിലുള്ള വിവരങ്ങളാണ് ലഭിക്കുന്നത്.