ബീഡി തെറുത്ത് ഉപജീവനം നടത്തിയ ബാല്യകാലം; ഇന്ന് അമേരിക്കയിലെ ജഡ്ജി ആണ് ഈ കാസർഗോഡ്കാരൻ

ടെക്‌സസ് കോടതിയിൽ ഇനി കേസുകൾക്ക് അന്തിമ തീർപ്പ് കൽപിക്കുക ഒരു കാസർഗോഡുകാരനാണ്. 51 കാരനായ സുരേന്ദ്രൻ കെ പട്ടേൽ അമേരിക്കയിലെ ടെക്‌സസിൽ ജഡ്ജിയായി അധികാരമേറ്റതോടെ കേരളത്തിനിത് അഭിമാനനിമിഷമായി മാറുകയാണ്.കാസർഗോട്ട് ജനിച്ച് വളർന്ന സുരേന്ദ്രന്റെ ബാല്യം കൈപേറിയതായിരുന്നു. പത്താം ക്ലാസിന് ശേഷം സാമ്പത്തിക ബാധ്യതകൾ മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു അന്ന് സുരേന്ദ്രന്. പിന്നീട് ബീഡി തെറുത്തും ഹോട്ടൽ ജോലിക്കാരനായും കുടുംബത്തിന് വേണ്ടി വരുമാനം കണ്ടെത്തി നൽകി.താൻ ഇങ്ങനെയൊന്നും ജീവിച്ചാൽ പോര എന്ന ചിന്ത സുരേന്ദ്രന്റെ ഉള്ളിലുണ്ടായിരുന്നു. ഒടുവിൽ തന്റെ ഗ്രാമത്തിലെ സുഹൃത്തുക്കളുടെ സഹായത്തോടെ മുടങ്ങിയ പഠനം പുനരാരംഭിച്ചു. എൽഎൽബി പൂർത്തീകരിച്ച സുരേന്ദ്രൻ പട്ടേൽ അമേരിക്കയിലേക്ക് ചേക്കേറി.
ടെക്‌സസിലെ ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ സുരേന്ദ്രനെതിരെ നിരവധി നെഗറ്റീവ് ക്യാമ്പെയ്‌നുകൾ നടന്നിരുന്നു. വിജയം സുരേന്ദ്രനൊപ്പം തന്നെയായിരുന്നു.
‘ഞാൻ ഈ നിലയിലെത്തുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. പക്ഷേ ദാ നിൽക്കുന്നു ഞാൻ. എനിക്ക് എല്ലാവരോടും ഒരു കാര്യം മാത്രമേ പറയാനുള്ളു. സ്വന്തം ഭാവി തീരുമാനിക്കാനുള്ള അധികാരം മറ്റാർക്കും  നൽകരുത്. അത് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്’- സുരേന്ദ്രൻ പറയുന്നു.