ഏതു മരത്തിലും കയറും; ഇഷ്ടം പോത്തുകളോട്: അറസ്റ്റിലായ നാസുവിന് പ്രത്യേക മാനസികാവസ്ഥ

കൊല്ലം• ഉപേക്ഷിക്കപ്പെട്ട റെയിൽവേ കെട്ടിടത്തിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ അഞ്ചൽ സ്വദേശി നാസു പ്രത്യേക മാനസികാവസ്ഥയുള്ളയാൾ. വർഷങ്ങളോളം ജുവനൈൽ ഹോമിൽ കഴിഞ്ഞിരുന്ന നാസു ഒട്ടേറെ തവണ അവിടെ നിന്നു ചാടിപ്പോയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.ചാടിപ്പോയാലുടൻ സൈക്കിൾ മോഷ്ടിച്ചാണ് സ്ഥലം വിടുക. പലപ്പോഴും അഞ്ചലിലെ വീട്ടിലേക്കാണ് പോകുന്നത്. പൊലീസിനെ കണ്ടാൽ ഓടി രക്ഷപ്പെടാനോ എതിർക്കാനോ ശ്രമിക്കില്ല. അനുസരണയുള്ള കുട്ടിയെ പോലെ ഒപ്പം പോരും. മരച്ചില്ലകളിൽ കയറിയിറങ്ങുന്നതു ഹരമാണ്. എത്ര വലിയ മരത്തിലും കയറും. അലഞ്ഞുതിരിഞ്ഞു നടക്കുന്നതാണ് ശീലം. കൊല്ലം നഗരത്തിൽ മിക്കപ്പോഴും ഉണ്ടാകും.ചിൽഡ്രൻസ് ഹോമിൽ കഴിയുമ്പോൾ സമീപത്തുള്ള സ്കൂളിൽ ചേർത്തെങ്കിലും പഠനത്തിനോട് ഒട്ടും താൽപര്യം കാണിച്ചില്ല. നാസു എന്നാണ് വിളിക്കുന്നതെങ്കിലും നാസിം എന്നാണ് യഥാർഥ പേര്. ജുവനൈൽ ഹോമിലെ ഒബ്സർവേഷൻ ഹോമിൽ പാർപ്പിച്ചിരിക്കുമ്പോൾ ശുചിമുറിയുടെ വെന്റിലേഷനിലൂടെയും ജനൽ കമ്പി വളച്ചും കടന്നുകളഞ്ഞിട്ടുണ്ട്. ചിൽഡ്രൻസ് ഹോമിൽ നിന്നു പലതവണ ചാടിപ്പോയിട്ടുണ്ട്. ജീവനക്കാരോടു മുൻകൂട്ടി പറഞ്ഞ ശേഷമാണ് ചാടിപ്പോകുന്നത്. .സ്ഥിരമായി ചാടിപ്പോയിരുന്നതിനാൽ നഗരത്തിലെ ഒട്ടേറെ പൊലീസുകാർക്ക് സുപരിചിതനാണ് നാസു. ജുവനൈൽ ഹോം ജീവനക്കാർക്കും പൊലീസിനും സ്ഥിരം ബുദ്ധിമുട്ടുണ്ടാക്കുമായിരുന്നു. കുട്ടികൾക്കുള്ള അവകാശങ്ങൾ സംബന്ധിച്ച നിയമത്തിന്റെ ആനുകൂല്യം പരമാവധി ഉപയോഗിച്ചിരുന്ന നാസു അത് മുതലെടുത്താണ് പലപ്പോഴും രക്ഷപ്പെട്ടിരുന്നതെന്നു പൊലീസ് പറഞ്ഞു. സുരക്ഷിതമല്ലാത്ത കുടുംബ പശ്ചാത്തലമാണ്. ജുവനൈൽ ഹോമിൽ കഴിയുമ്പോൾ മടക്കിക്കൊണ്ടു പോകാൻ ബന്ധുക്കൾ എത്തിയിരുന്നില്ല. അപൂർവമായി മുത്തശ്ശി മാത്രം കാണാൻ വരുമായിരുന്നു. നാസുവിനു ഏറെ ഇഷ്ടമുള്ള പോത്തിനെ വാങ്ങി നൽകി പുനരധിവാസത്തിനു ചൈൽഡ് വെൽഫെയർ കമ്മിറ്റി ശ്രമിച്ചെങ്കിലും വിഫലമായി. കുറച്ചുകാലം ഒരു കടയിലെ ജീവനക്കാരൻ ആയിരുന്നെങ്കിലും ആ ജോലി ഉപേക്ഷിച്ചു.