ആലപ്പുഴ: ശബരിമല തീർഥാടകർക്കു നേരെ ആലപ്പുഴയിൽ ആക്രമണം. സന്നിധാനത്തുനിന്ന് മടങ്ങവേയാണ് ആലപ്പുഴയിൽവച്ച് ഒരു സംഘം തീർഥാടകർക്കു നേരെ ആക്രമണമുണ്ടായത്. മലപ്പുറം സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റു. ആക്രമിച്ച യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഒരു റിയാലിറ്റി ഷോ താരത്തിനൊപ്പമെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് മൊഴി.
ആലപ്പുഴ കളർകോട് ബൈപ്പാസിനു സമീപമുള്ള ഒരു ഹോട്ടലിൽ നിർത്തിയിട്ടിരുന്ന തീർഥാടക സംഘത്തിന്റെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. നിലമ്പൂർ സ്വദേശിയായ വിഷ്ണും ബന്ധുക്കളും ഉൾപ്പെടുന്ന സംഘം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം
വിഷ്ണുവിന്റെ മകൾ അലീന ഹോട്ടലിനു പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരിനിന്നതാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. ഇത് ഇഷ്ടപ്പെടാതിരുന്ന ബൈക്കിന്റെ ഉടമ കുട്ടിയോടു ദേഷ്യപ്പെട്ടു. ഇതിനെ തീർഥാടക സംഘം ചോദ്യം ചെയ്തതോടെ ഇയാൾ അലീനയുടെയും ബന്ധുവായ വൃന്ദാവന എന്ന കുട്ടിയുടെയും കൈകളിൽ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചു
ഇതിനു ശേഷം ഇവിടെനിന്നു പോയ ഇയാൾ ഒരു കൈക്കോടാലിയുമായി തിരിച്ചെത്തി തീർഥാടക സംഘത്തിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്തെന്നാണ് പരാതി. വിവരമറിഞ്ഞ് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. ഒരു റിയാലിറ്റി ഷോ താരത്തിനൊപ്പമെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് സാക്ഷിമൊഴി. ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.