'കുരുന്ന് വിട്ടുപോയതറിയാതെ രാവും പകലും കൂട്ടിരുന്ന് അമ്മയാന', വിതുരയിലെ കരളലിയിക്കുന്ന കാഴ്ച

തിരുവനന്തപുരം: വിതുര മരുക്കുംകാലയിൽ ചരിഞ്ഞ കുട്ടിയാനക്ക് മണിക്കൂറുകളായി കാവൽ നിന്ന് അമ്മയാന. ഉൾവനത്തിന് അകത്ത് കൂടെ അമ്മയാന കുഞ്ഞിനെ തട്ടി തട്ടി നടക്കുന്നത് കണ്ട ആദിവാസികളാണ് ഇന്നലെ രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. രാത്രി തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും അമ്മ ആന അടുത്ത് നിന്ന് മാറാത്തതിനാൽ ഒന്നും ചെയ്യാനായില്ല. ഇന്ന് രാവിലെയും ആനക്കുട്ടി ചരിഞ്ഞതറിയാതെ അമ്മയാന കൊണ്ട് നടക്കുകയാണ്. കാട്ടാന വിട്ടുപോയാൽ മാത്രമെ എന്തെങ്കിലും ചെയ്യാൻ കഴിയു എന്ന അവസ്ഥ മണിക്കൂറുകളായി തുടരുകയാണ്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണ് ഇവിടം. വീടുകൾക്ക് അടുത്തേക്ക് ആനക്കൂട്ടം വരാതിരിക്കാൻ രാത്രി ആദിവാസികൾ തീകൂട്ടാറുണ്ട്. രാത്രി തീ ഇടാൻ ഇറങ്ങിയപ്പോഴാണ് കുട്ടിയാന ചരിഞ്ഞ കാര്യം അറിയുന്നത്. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും സ്ഥലത്ത് ഉണ്ട്. അമ്മയാനയെ അകറ്റി കുട്ടിയെ മാറ്റാനാണ് ശ്രമിക്കുന്നത്.