പത്തനംതിട്ട• ചന്ദനപ്പള്ളി റോസ് ഡെയ്‌ല്‍ സ്കൂളില്‍ ഭക്ഷ്യവിഷബാധ. 13 വിദ്യാര്‍ഥികളും ഒരു അധ്യാപികയും ചികിത്സ തേടി. ചിക്കന്‍ ബിരിയാണി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. സ്കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ബിരിയാണി നല്‍കിയത്. രാവിലെ 11ന് എത്തിച്ച ബിരിയാണി വിതരണം ചെയ്തത് വൈകിട്ട് ആറിനെന്ന് ഹോട്ടലുടമ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാർഷികാഘോഷം നടന്നത്. കൊടുവള്ളിയിലെ ഹോട്ടലിൽ നിന്നാണ് ബിരിയാണി എത്തിച്ചത്. ഭക്ഷണം കഴിച്ച ദിവസം ആർക്കും പ്രശ്നമുണ്ടായിരുന്നില്ല. പിറ്റേ ദിവസം മുതലാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുട്ടികളെ പത്തനംതിട്ടയിലെ മൂന്നു ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല.