വര്‍ക്കല ബീച്ചിൽ സര്‍ഫിങ്ങിനെത്തിയ വിദേശ യുവതിയെപൊട്ടിയ ബിയര്‍ കുപ്പിയുമായി എത്തി ഭീഷണിപ്പെടുത്തി യുവാവ്.

തിരുവനന്തപുരം: വര്‍ക്കല ബീച്ചിൽ സര്‍ഫിങ്ങിനെത്തിയ വിദേശ യുവതിയെ ഭീഷണിപ്പെടുത്തി യുവാവ്. ഇടവ വെറ്റക്കട പരിസരത്തുള്ള ആളാണ് ഫ്രഞ്ച് യുവതിയുടെ നേരെ പൊട്ടിയ ബിയര്‍ കുപ്പിയുമായി എത്തി ഭീഷണിപ്പെടുത്തിയത്.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ വിദേശ വനിതകൾ സുരക്ഷിതരോ?

വർക്കല ഇടവ വെറ്റക്കട ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ അതിക്രമങ്ങൾ പതിവാകുന്നതായി നാട്ടുകാരുടെ പരാതി. ബീച്ചിൽ സർഫിങ് നടത്തുന്നതിന് എത്തുന്ന വിദേശവനിതകളാണ് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വരുന്നത്. 

ഇന്ന് രാവിലെ 8 മണിയോടെ സർഫിങ് ട്രെയിനിംഗ് നടത്തുന്നതിനിടയിൽ തീരത്ത് വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിയുടെ നേരെ നാട്ടുകാരനായ ഒരാൾ പൊട്ടിയ ബിയർ ബോട്ടിൽ കുപ്പിയുമായി എത്തുകയും അനാവശ്യമായി ഭയപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതി പറയുന്നത്. സ്വിമിങ് ഡ്രെസ്സിൽ ഇരുന്നതിനാലാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത് എന്നാണ് യുവതി പറയുന്നത്. പ്രശ്നക്കാരനായ ആളെ കുറിച്ച് വിദേശ വനിതകളും പ്രദേശത്ത് സർഫിങ് നടത്തുന്നവർ ഉൾപ്പെടെ ഒന്നിലധികം തവണ അയിരൂർ പോലീസിൽ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല എന്ന ആക്ഷേപവും ഉണ്ട്. ഇന്നും രാവിലെ സംഭവം നടന്ന ഉടൻ പോലീസിനെ അറിയിച്ചിട്ടും പോലീസ് എത്തിയിരുന്നില്ല. കഴിഞ്ഞ ആഴ്ചയിലും ഇക്കഴിഞ്ഞ ഡിസംബറിലും ഈ വ്യക്തിയിൽ നിന്നും സമാനമായ സംഭവം ഉണ്ടായിരുന്നതായി പറയുന്നുണ്ട്. അക്രമത്തിന് ഇരയാവുന്നവർ ആരും തന്നെ നിയമപരമായി പരാതി നൽകുന്നില്ല എന്നതാണ് വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നത്. ഒരു വ്യക്തി മാത്രമാണ് ഈ മൂന്ന് സംഭവങ്ങൾക്കും പിറകിൽ. എന്നാൽ കഴിഞ്ഞ തവണത്തെ സംഭവം ഇൻസ്റ്റാഗ്രാമിൽ ബ്ലോഗർ ആയ ഒരു യുവതി ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പൊലീസിനെയും ടാഗ് ചെയ്ത് ഇടുകയുണ്ടായി എന്നും എന്നാൽ ഒരു മില്യൻ കാഴ്ചക്കാർ കണ്ടിട്ടുണ്ട് എന്നല്ലാതെ അധികൃതർ ആരും തന്നെ നടപടികളുമായി എത്തിയിട്ടില്ല എന്നതാണ് വാസ്തവം എന്ന് ബ്ലോഗർ കൂടിയായ യുവതിയും സാക്ഷ്യപ്പെടുത്തുന്നു. കത്തി കാട്ടിയും ബിയർ ബോട്ടിൽ പൊട്ടിച്ചുമാണ് ഈ വ്യക്തി അക്രമത്തിന് മുതിരുന്നത്

 ഇത്തരം പ്രവണതകൾ തടയപ്പെടേണ്ടത് അത്യാവശ്യം ആണെന്നും വർക്കലയിലെ ടൂറിസത്തെ ഇത് സാരമായി ബാധിക്കുമെന്നും നാട്ടുകാർ ഉൾപ്പെടെ പരാതി ഉന്നയിക്കുന്നുണ്ട്. സംഭവം പോലീസിൽ അറിയിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസ് സ്ഥാലത്തെത്തിയില്ല എന്ന്‌ നാട്ടുകാർ ആരോപിക്കുന്നു.അധികൃതരുടെ അടിയന്തര ശ്രദ്ധ ഇത്തരം സംഭവങ്ങളിൽ ഉണ്ടായില്ലെങ്കിൽ ഇത് ആവർത്തിക്കപ്പെടുക തന്നെ ചെയ്യും....