ഉടമസ്ഥന്‍ അറിയാതെ പട്ടാപ്പകല്‍ രണ്ടേക്കര്‍ ചുറ്റുമതിലുള്ള പുരയിടത്തിനുള്ളില്‍ നിന്നും 60 കായ്ഫലമുള്ള തെങ്ങുകള്‍ മുറിച്ചു. തടി തമിഴ്‌നാട്ടിലേക്ക് കടത്തി. പരാതിയില്‍ തോന്നയ്ക്കല്‍ പാട്ടത്തിന്‍കര തൊടിയാവൂര്‍ സുബഹാന മന്‍സിലില്‍ സുധീര്‍ ( 42 ) നെ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. തെങ്ങിന്‍തടി കടത്താന്‍ ഉപയോഗിച്ച ലോറി തമിഴ്‌നാട് അരുമനയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. രണ്ടാംപ്രതി തോന്നയ്ക്കല്‍ ഇലങ്കത്തുകാവില്‍ ഫസില്‍ ഒളിവിലാണ്. മംഗലപുരം തലക്കോണം ഷമീനാ മന്‍സിലില്‍ ഷമീനയുടെ പുരയിടത്തില്‍ നിന്നാണ് തെങ്ങിന്‍ തടികള്‍ മുറിച്ചു കടത്തിയത്. ഷമീനയുടെ താമസ സ്ഥലത്തു നിന്നും രണ്ടുകിലോമീറ്റര്‍ മാറി തുടിയാവൂര്‍ മാടന്‍കാവ് ക്ഷേത്രത്തിനു മുന്‍വശത്തായുള്ള പുരയിടത്തിലാണ് സംഭവം. ഇതിനു സമീപത്തായാണ് സുധീറിന്റെ വീട്. രണ്ടു ദിവസം കൊണ്ടാണ് 60 തെങ്ങുകള്‍ മുറിച്ചു മാറ്റിയത്. തടിക്കച്ചവടക്കാരനായ ഫസില്‍ വഴിയാണ് തടികള്‍ വിറ്റത്. ചൊവ്വാഴ്ച സമീപ വാസികള്‍ അറിയിച്ചപ്പോഴാണ് ഷമീന വിവരം അറിയുന്നത്. തുടര്‍ന്ന് മംഗലപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മംഗലപുരം പ്രിന്‍സിപ്പല്‍ എസ്‌ഐ എ.ജെ അമൃത് സിങ്‌നായകത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയോടെ തന്നെ അരുമനയില്‍ ഇഷ്ടിക ചൂളയ്ക്കു സമീപം വച്ച് തെങ്ങിന്‍തടികളോടെ ലോറി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സുധീറിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ആറു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്നാണ് കണക്കാക്കുന്നത്.