മസ്‍കറ്റ്: പ്രവാസി മലയാളി യുവാവ് ഒമാനില്‍ ബാഡ്‍മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം ബാപ്പുജി നഗറില്‍ പാരിജാതം വീട്ടിൽ പ്രശോഭ് മോഹൻ (38) ആണ് മരിച്ചത്. 2008 മുതൽ ഒമാനിലുള്ള പ്രശോഭ് സിവിൽ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു.കഴിഞ്ഞ ദിവസം വൈകുന്നേരം ഗുബ്രയിലെ റെസിഡൻഷ്യൽ കോമ്പൗണ്ടിൽ ബാഡ്‍മിന്റൺ ഗെയിം കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ - ലീന പ്രശോഭ്. മക്കൾ - ഇഷാനി, തന്മയ. ഭാര്യയും മക്കളും ഒമാനില്‍ ഒപ്പമുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ഇന്ന് രാത്രി 10.50നുള്ള സലാം എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‍കാര ചടങ്ങുകള്‍ നാളെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.