രാജ്യത്ത് ഫോണ്‍കോള്‍, ഡാറ്റ നിരക്ക് കുതിച്ചുയരാന്‍ പോകുന്നു. രാജ്യം 5G-യിലേക്ക് മാറിയതിന് പിന്നാലെയാണ് 4G സേവനങ്ങളുടെ നിരക്ക് കൂട്ടാന്‍ കമ്പനികള്‍ ഒരുങ്ങുന്നത്. ബി.എന്‍.പി പരിബാസ് സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 5G ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റാ ക്വാട്ട അനുവദിക്കാനാണ് ടെലകോം ഓപറേറ്റര്‍മാര്‍ ആലോചിക്കുന്നത്. ഈ വര്‍ഷം വരുമാനത്തില്‍ ഇരട്ട അക്ക വളര്‍ച്ചയാണ് മൊബൈല്‍ സേവനദാതാക്കള്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉപയോക്താക്കളെ കൂടുതല്‍ 5G-യിലെത്തിക്കുകയാകും കമ്പനികള്‍ മുന്നില്‍കാണുന്നത്. ഇതിനകം തന്നെ വിവിധ ടെലകോം ഓപറേറ്റര്‍മാര്‍ 4G സേവനനിരക്കുകള്‍ കൂട്ടുകയോ ചെറിയ നിരക്കിന്റെ പ്ലാനുകള്‍ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. 5G സേവനങ്ങള്‍ കൂടി അവതരിപ്പിച്ചതോടെ കൂടുതല്‍ ശ്രദ്ധ ഈ രംഗത്തേക്ക് തിരിക്കാനായിരിക്കും കമ്പനികള്‍ ആലോചിക്കുന്നത്. ഒരു കമ്പനിയും ഇതുവരെ 5G സേവനങ്ങള്‍ക്ക് പ്രത്യേക നിരക്ക് അവതരിപ്പിച്ചിട്ടില്ല. 4G നിരക്കില്‍ തന്നെയാണ് ഇവയും നല്‍കുന്നത്. വൊഡാഫോൺ ഐഡിയ ലിമിറ്റഡിന് 5G രംഗത്ത് മതിയായ നിക്ഷേപമിറക്കാനാകാത്തതിനാല്‍ കമ്പനിക്ക് കൂടുതല്‍ തിരിച്ചടിക്ക് സാധ്യതയുണ്ട്.
എയര്‍ടെലും ജിയോയും ആകും ഏറ്റവും ലാഭം കൊയ്യാന്‍ പോകുന്നത്. രണ്ടു കമ്പനികളും തങ്ങളുടെ 5G ശൃംഖല വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. കൂടുതല്‍ ഡാറ്റ ഓഫറുകളും മികച്ച വേഗതയും കാണിച്ച് ഉപയോക്താക്കളെ 5G ഫോണുകളിലേക്ക് മാറാന്‍ കമ്പനികള്‍ പ്രേരിപ്പിക്കുമെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് അഞ്ചാം തലമുറ ടെലകോം സേവനങ്ങള്‍ക്ക് തുടക്കമിട്ടത്. ഡിസംബര്‍ 20ന് കേരളത്തിലും 5G സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടത്തില്‍ കൊച്ചിയിലായിരുന്നു സേവനങ്ങള്‍ ലഭിച്ചത്. 2023 അവസാനത്തോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും 5G ലഭ്യമാക്കുമെന്നാണ് ജിയോ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ ഡല്‍ഹി എന്‍.സി.ആര്‍, മുംബൈ, കൊല്‍ക്കത്ത, വരാണസി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പൂനെ, ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ജിയോ 5G സേവനം നല്‍കുന്നത്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 2024 അന്ത്യത്തോടെ എല്ലാ നഗരങ്ങളിലും 5G ലഭ്യമാക്കുമെന്ന് എര്‍ടെലും പ്രഖ്യാപിച്ചിട്ടുണ്ട്.