*മൂവരും പിരിയാത്ത കൂട്ടുകാർ, അന്ത്യയാത്രയിലും ഒരുമിച്ച്*

ഒരേ പ്രായം, പിരിയാത്ത കൂട്ട്...ഒടുവിൽ ആരോടും പറയാതെ മൂവരും പോയത് മരണത്തിലേക്കാണെന്ന് വിശ്വസിക്കാനാകാതെ വിങ്ങുകയാണ് ആനാവൂർ ആലത്തൂർ നിവാസികൾ. അമ്പലപ്പുഴ കാക്കാഴം റെയിൽവേ ഫ്ലൈഓവറിൽ ഇന്നലെ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആനാവൂർ ആലത്തൂർ അമ്പനാട് അനിഴം വീട്ടിൽ പ്രസാദ്, ആലത്തൂർ കാപ്പുകാട്ടുകുളത്തിൻകര വീട്ടിൽ മനുമോൻ, ആലത്തൂർ മച്ചക്കുന്ന് മേലെ പുത്തൻവീട്ടിൽ ഷിജിൻദാസ് എന്നിവർ മരിച്ചെന്ന ചാനൽ വാർത്തകൾ രാവിലെ കണ്ട നാട്ടുകാർക്ക് ആദ്യം വിശ്വസിക്കാനായില്ല.

തലേദിവസം പാറശാലയിൽ നടന്ന ഒരു കല്യാണത്തിന് പ്രസാദും ഷിജിൻദാസും പോയിരുന്ന വിവരം മാത്രമേ നാട്ടുകാർക്ക് അറിയൂ. ഇവരുടെ വീടിന് സമീപത്തുള്ള സുഹൃത്തിന്റെ ആൾട്ടോ കാർ വാങ്ങിയാണ് മറ്റു സുഹൃത്തുക്കളെയും കൂട്ടി ഇവർ രണ്ടാളും കല്യാണത്തിന് പോയത്. എന്നാൽ ഇവർക്ക് ആലപ്പുഴയിലേക്ക് പോകേണ്ട കാര്യമെന്താണെന്ന് ആർക്കുമറിയില്ല. ഇവർ തന്നെയാകുമോ അപകടത്തിൽപ്പെട്ടതെന്ന് സംശയം തോന്നിയവർ ഇവരുടെ വീടുകളിൽ അന്വേഷിച്ചപ്പോഴാണ് രാവിലെ പാറശാലയിൽ കല്യാണത്തിനുപോയ രണ്ടുപേരും വീട്ടിലെത്തിയിട്ടില്ലെന്ന് മനസിലായത്.

എറണാകുളത്തെ ജോലി സ്ഥലത്തേക്ക് ട്രെയിനിൽ പോകുകയാണെന്നു പറഞ്ഞ് ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയ മനുമോനും അപകടത്തിൽപ്പെട്ടതിന്റെ ‌ഞെട്ടലിലാണ് നാട്ടുകാർ. നിർദ്ധനരായ മൂന്നു കുടുംബങ്ങളുടെയും അത്താണികളെയാണ് നഷ്ടമായത്. പ്രസാദും ഷിജിൻദാസും ഏറെ നാളായി തുമ്പ ഐ.എസ്‌.ആർ.ഒ കാന്റീനിലെ കരാർ തൊഴിലാളികളാണ്. മനുമോൻ കൊച്ചിയിൽ കിറ്റെക്‌സ് ഗ്രൂപ്പിലെ ജീവനക്കാരനാണ്.

പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് 6ഓടെ പെരുങ്കടവിള പഞ്ചായത്തിലും കാനക്കോട് സി.എസ്.ഐ ചർച്ചിലും പൊതുദർശനത്തിന് വച്ച മൂവരുടെയും മൃതദേഹത്തിൽ നൂറുകണക്കിന് പേർ ആദരാഞ്ജലികൾ അർപ്പിച്ചു.

ഗോപകുമാർ, ബിന്ദു എന്നിവരാണ് പ്രസാദിന്റെ മാതാപിതാക്കൾ. സഹോദരൻ: അനിൽ. മോഹനൻ, അനിത എന്നിവരാണ് മനുമോന്റെ മാതാപിതാക്കൾ . നീന മോഹൻ, സ്‌മിനു എന്നിവരാണ് സഹോദരങ്ങൾ. യേശുദാസ്, ഷീജ എന്നിവരാണ് ഷിജിൻദാസിന്റെ മാതാപിതാക്കൾ, ഷിജിതയാണ് സഹോദരി.

അനുജത്തിയെ വീട്ടിലെത്തിച്ചശേഷം

മടങ്ങിയത് മരണത്തിലേക്ക്

ഇടുക്കിയിലെ ഗവ.നഴ്‌സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ സഹോദരി നീന മോഹനെ വീട്ടിൽ കൊണ്ടാക്കിയ ശേഷം തിരികെ എറണാകുളത്തേക്ക് പോകാനായാണ് മനു വീട്ടിൽ നിന്നിറങ്ങിയത്. കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി ക്രൈസ്‌തവ സഭ സഹായം നൽകിയാണ് നീനയുടെ വിദ്യാഭ്യാസ ചെലവുകൾ നടത്തുന്നത്. പനി കാരണം വീട്ടിലേക്ക് മടങ്ങാൻ നിന്ന നീനയെയാണ് മനു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.

സുഹൃത്തുക്കളായ പ്രസാദ്, ഷിജിൻദാസ് എന്നിവർ കല്യാണത്തിന് പോയശേഷം കാറിൽ മടങ്ങിയെത്തിയപ്പോൾ വഴിയിൽ വച്ച് മനു ഇവരെ കണ്ടിരിക്കാമെന്ന് നാട്ടുകാർ പറയുന്നു. മൺട്രോ തുരുത്ത് സ്വദേശിയായ അമലും മുട്ടടയിൽ നിന്ന് ഇപ്പോൾ കോട്ടയത്തെ ഭാര്യവീട്ടിലേക്ക് താമസം മാറ്റിയ സുമോദും ഇവർക്കൊപ്പമുണ്ടാകാനും സുമോദിനെയും അമലിനെയും അവരുടെ വീട്ടിലെത്തിക്കാൻ പോകുന്ന യാത്രയിൽ മനുവിനെയും ഒപ്പം കൂട്ടിയതെന്നുമാണ് നാട്ടുകാർ പറയുന്നത്.

കണ്ണീരോടെ ഷിജിൻദാസിന്റെ

അപ്പൂപ്പനും അമ്മൂമ്മയും

ഷിജിൻദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ചങ്കുപൊട്ടി കരയുകയായിരുന്നു അമ്മൂമ്മ സ്വർണമ്മ. ചെറുപ്പത്തിൽ അമ്മയും അച്ഛനും ഉപേക്ഷിച്ചുപോയപ്പോൾ അമ്മൂമ്മയും അപ്പൂപ്പൻ ചന്ദ്രൻപിള്ളയും ചേർന്നാണ് ഷിജിൻ ദാസിനെയും സഹോദരി ഷിജിതയെയും വളർത്തിയത്. ഷിജിൻദാസ് സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം സമീപത്തുള്ള ഒരു സുഹൃത്തിന്റെ സഹായത്തോടെ ഐ.എസ്.ആർ.ഒയിലെ കാന്റീനിൽ കരാർ തൊഴിലാളിയായി. വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് ഏറെ ദൂരമുള്ളതിനാൽ ആഴ്ചയിലൊരിക്കൽ മാത്രമാണ് വീട്ടിലെത്താറുള്ളത്. ആസ്ബറ്റോസ് ഷീറ്റിട്ട വീട്ടിൽ കഴിഞ്ഞ കുടുംബത്തിന് ലൈഫ് പദ്ധതിയിൽ കിട്ടിയ വീടിന്റെ മേൽക്കൂര കോൺക്രീറ്റ് വരെ പൂർത്തീകരിച്ചു. സഹോദരിയുടെ വിവാഹം മൂന്നുവർഷം മുമ്പായിരുന്നു.