കോഴിക്കോട്• സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണമെനു വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അടുത്ത വർഷത്തെ കലോത്സവം മുതൽ നോണ്‍ വെജ് വിഭവങ്ങള്‍ ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. ഇത്തവണ നോണ്‍ വെജ് വിഭവങ്ങള്‍ ഉൾപ്പെടുത്താനാകുമോയെന്ന് ഉറപ്പുപറയാനാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാരാണ് തീരുമാനമെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.‘‘പണ്ടു മുതൽ തുടരുന്ന കീഴ്‌വഴക്കമാണ് വെജിറ്റേറിയൻ. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നു. എന്തായാലും അടുത്ത വർഷം വെജിറ്റേറിയനും നോൺവെജിറ്റേറിയനും ഉണ്ടാകും. കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കൊടുക്കുന്നുണ്ട്. സർക്കാരിനെ സംബന്ധിച്ച് ഇതിനു പ്രശ്നങ്ങളൊന്നും ഇല്ല. ഇത്തവണ ഉൾപ്പെടുത്തുന്നത് ആലോചിച്ച് തീരുമാനിക്കും. ഇപ്പോഴത്തെ വിവാദത്തിനു കാരണം കലോത്സവ നടത്തിപ്പിനോടുള്ള അസൂയയും കുശുമ്പുമാണ്. യുഡിഎഫ് കാലത്ത് കലോല്‍സവം നടക്കുമ്പോള്‍ വി.ടി.ബല്‍റാം ഉറങ്ങുകയായിരുന്നോ. ’’– അദ്ദേഹം ചോദിച്ചു.ഭക്ഷണമെനുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാര്യമാക്കുന്നില്ലെന്ന് കലോത്സവത്തിലെ മുഖ്യപാചകകാരനായ പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. ഭക്ഷണ മെനു തീരുമാനിക്കുന്നത് സർക്കാരാണ്. സർക്കാർ ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂൾ കലോത്സവത്തിൽ മാംസാഹാരം ഉൾപ്പെടുത്താത്തത് വിവാദമായ സാഹചര്യത്തിലാണ് ഇരുവരുടെയും പ്രതികരണം.