ഉന്നതരടക്കം കൂടുതല്‍ പൊലിസുകാർക്ക് ഗുണ്ടാബന്ധം; നടപടിക്ക് ശുപാർശ

കേരള പൊലീസില്‍ ഉന്നതരടക്കം കൂടുതല്‍ പേര്‍ക്ക് ഗുണ്ടാബന്ധമെന്ന് റിപ്പോര്‍ട്ട്. പൊലീസ് സ്റ്റേഷനിലെ രഹസ്യങ്ങള്‍ പോലും ക്രിമിനലുകള്‍ക്ക് ചോര്‍ത്തി നല്‍കുന്നതായും ഇന്റജിലന്‍സ് വിഭാഗം കണ്ടെത്തി. തിരുവനന്തപുരത്ത് രണ്ട് ഡിവൈ.എസ്.പിമാരടക്കം കൂടുതല്‍ പേര്‍ക്കെതിരെ നടപടിക്ക് തീരുമാനം. മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റും.തലസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. അക്രമങ്ങള്‍ നടത്തി ആഴ്ചകളായിട്ടും ഓംപ്രകാശും പുത്തന്‍പാലം രാജേഷും പോലുള്ള ഗുണ്ടാത്തലവന്‍മാരെ പിടികൂടുന്നുമില്ല. ഇതോടെയാണ് പൊലീസ് ഗുണ്ടാബന്ധത്തെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗങ്ങള്‍ അന്വേഷണം ശക്തമാക്കിയത്. എസ്.ഐയില്‍ തുടങ്ങി സി.ഐയും ഡി.വൈ.എസ്.പിയും അടക്കം തലസ്ഥാനത്തെ ഇരുപതോളം ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനലുകളുമായി അടുപ്പമെന്നാണ് കണ്ടെത്തല്‍. ഗുണ്ടകളെ പിടിക്കാനുള്ള പൊലീസ് നടപടികളുടെ വിവരങ്ങള്‍ പോലും തല്‍സമയം ചോര്‍ത്തി നല്‍കുന്നു. പകരം പണവും മദ്യവും അടക്കം പ്രതിഫലമായി കൈപ്പറ്റുന്നു. ഒരു ഡിവൈ.എസ്.പിയുടെ മകളുടെ പിറന്നാള്‍ ആഘോഷം സ്പോണ്‍സര്‍ ചെയ്തത് പോലും തലസ്ഥാനത്തെ പ്രധാന ഗുണ്ടയാണെന്നും കണ്ടെത്തി. ക്രിമിനലുകളെ കൂടാതെ റിയല്‍ എസ്റ്റേറ്റ്, മണല്‍ കടത്ത് സംഘങ്ങളുമായും പൊലീസുകാര്‍ക്ക് ബന്ധമുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ മൂന്ന് ഇന്‍സ്പെക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ രണ്ട് ഡിവൈ.എസ്.പിമാരെയും സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. പൊലീസിന് നേര്‍ക്ക് ഗുണ്ടകളുടെ ബോംബേറുണ്ടായ മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റും. ബോംബെറിഞ്ഞ ഗുണ്ടയ്ക്ക് പോലും സ്റ്റേഷനില്‍ ചാരന്‍മാരുണ്ടായിരുന്നൂവെന്ന് കണ്ടെത്തിയതിനാലാണ്. ഗുണ്ടാബന്ധത്തിലെ അന്വേഷണം തിരുവനന്തപുരത്ത് ഒതുക്കാതെ സംസ്ഥാനവ്യാപമാക്കാനും തീരുമാനിച്ചിട്ടുണ്ട്.