ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്ണൊഴുകുമോ? ഇന്ത്യ- ലങ്ക മൂന്നാം ഏകദിനം പിച്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരമെങ്കിലും ജയിച്ച് തിരിച്ചുകയറാനുള്ള ശ്രമമാണ് ശ്രീലങ്ക നടത്തുക. ഇന്ത്യയാകട്ടെ പരമ്പര തൂത്തുവരാനുള്ള ശ്രമവും. തിരുവനന്തപുരം, കാര്യവട്ടം സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ഇന്ത്യയുടെ ഭാഗ്യവേദിയാണ് കാര്യവട്ടം. നാല് മത്സരങ്ങളില്‍ മൂന്നിലും ജയിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. അവസാനം കാര്യവട്ടത്ത് നടന്നത് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരമായിരുന്നു. സൂര്യകുമാര്‍ യാദവിന്റെയും കെ എല്‍ രാഹുലിന്റേയും അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചു.

പിച്ച് റിപ്പോര്‍ട്ട്

ഗ്രീന്‍ഫീല്‍ഡിലെ പിച്ച് ബൗളര്‍മാരോട് ചായ്‌വ് കാണിക്കുന്നതാണ്. എന്നാല്‍ ചെറിയ ബൗണ്ടറികള്‍ പലപ്പോഴും ബാറ്റര്‍മാര്‍ മുതലെടുക്കാറുണ്ട്. ആദ്യ ഓവറുകളില്‍ പേസര്‍മാര്‍ക്ക് സ്വിങ് ലഭിക്കും. പിന്നീട് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകും. ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

164 മത്സരങ്ങളില്‍ ഇതിന് മുമ്പ് ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 95 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചു. 57 മത്സരങ്ങള്‍ ശ്രീലങ്കയ്‌ക്കൊപ്പം നിന്നു. ഒരു മത്സരം ടൈ ആയപ്പോള്‍ 11 ഏകദിനങ്ങള്‍ ഫലം കണ്ടില്ല. ഇന്ത്യയില്‍ ഇരുവരും 53 തവണ നേര്‍ക്കുനേര്‍ വന്നു. 38 തവണയും ഇന്ത്യക്കായിരുന്നു ജയം. 12ല്‍ ശ്രീലങ്കയും ജയിച്ചു. മൂന്ന് മത്സരങ്ങള്‍ ഫം കണ്ടില്ല. 

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ്  1എച്ച്ഡി എന്നീ ചാനലുകളില്‍ മത്സരം സംപ്രേഷണം ചെയ്യും. ഡിസ്‌നി ഹോട് സ്റ്റാറിലും മത്സരം കാണാം.
പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ ചില താരങ്ങള്‍ക്ക് വിശ്രമം ലഭിച്ചേക്കും. ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരേയും ബഞ്ചിലിരിക്കാനാണ് സാധ്യത. പകരം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ കളിക്കാനെത്തും. ഇരുവരും ആദ്യ ഏകദിനത്തില്‍ കളിച്ചിരുന്നില്ല. വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുല്‍ തന്നെയായിരിക്കും. സ്പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനേയും മൂന്നാം ഏകദിനത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധ്യതയുണ്ട്. പകരം വാഷിംഗ്ടണ്‍ സുന്ദറിനെ കളിപ്പിക്കാനാണ് സാധ്യത. രണ്ടാം ഏകദിനത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ചായ കുല്‍ദീപ് യാദവ് ടീമില്‍ തുടരും. പേസര്‍മാരില്‍ ഉമ്രാന്‍ മാലിക്കിന് പകരം അര്‍ഷ്ദീപ് സിംഗ് കളിക്കാനും സാധ്യത കാണുന്നുണ്ട്.
ടീം: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്/ അര്‍ഷ്ദീപ് സിംഗ്.