തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് പൂർണമായി നടപ്പാക്കാനായില്ല. ഇന്ന് മുതൽ നടപ്പാക്കാനായിരുന്നു ശ്രമമെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനായില്ല. ശമ്പള സോഫ്റ്റുവെയറുമായി ഹാജർ ബന്ധിപ്പിക്കുന്ന നടപടി പൂർത്തിയായില്ല. പൂർണമായി നടപ്പിലാക്കാൻ ഒരു മാസമമെടുക്കുമെന്നാണ് സൂചന.2023 ജനുവരി ഒന്നുമുതൽ പഞ്ചിംഗ് നിര്‍ബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കര്‍ശന ഉത്തരവുണ്ടായിരുന്നു. രണ്ട് ദിവസം അവധിയായിരുന്നതിനാൽ ഇന്നു മുതൽ പഞ്ചിംഗ് നടപ്പിലാക്കാനായിരുന്നു ശ്രമം. ബയോമെട്രിക് പഞ്ചിംഗ് മെഷീനുകൾ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാണ് നിര്‍ദേശം. എല്ലാ ഓഫീസുകളിലും മെഷീൻ വച്ചിട്ടുണ്ടെങ്കിലും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നില്ല. മറ്റ് സർക്കാർ ഓഫീസുകളിൽ മാർച്ച് 31ന് മുൻപ് ബയോ മെട്രിക് പഞ്ചിംഗ് നടപ്പിലാക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.