മംഗലപുരം: ഗുണ്ടകളും മാഫിയകളുമായി ചങ്ങാത്തം കൂടിയും ഇന്‍സ്‌പെക്ടര്‍മാരെപ്പോലും അപ്രസക്തരാക്കി സ്റ്റേഷനുകള്‍ ഭരിച്ചും വിലസുന്ന തിരുവനന്തപുരം റൂറലിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
മംഗലപുരം, പോത്തന്‍കോട് സ്റ്റേഷനുകള്‍ അടക്കിഭരിച്ചിരുന്ന ഈ പൊലീസുകാരനെ അടുത്തിടെ നഗരൂര്‍ സ്റ്റേഷനിലേക്ക് മാറ്റി. ജില്ലയില്‍ ഏറ്റവുമധികം ക്വാറികളുള്ളത് ഈ സ്റ്റേഷന്‍ പരിധിയിലാണ്. അവിടെയും യഥേഷ്ടം അഴിമതിയും ഗുണ്ടാ, മാഫിയ, റിയല്‍ എസ്റ്റേറ്റ് ബന്ധവും തുടരുകയാണ് ഇയാള്‍. രണ്ടുവര്‍ഷം മുന്‍പ് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഇയാളെ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കിയിരുന്നതാണെങ്കിലും പൊലീസ് സംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആ റിപ്പോര്‍ട്ട് പൂഴ്ത്തി വയ്ക്കപ്പെടുകയാണ് ഉണ്ടായത്.
കാക്കിയിടാതെ മമ്മൂട്ടി വിലസുന്ന 'ബ്ലാക്ക് ' എന്ന സിനിമയിലെപ്പോലെയാണ് ഈ സിവില്‍ പൊലീസ് ഓഫീസറും. ഡ്യൂട്ടിക്ക് കാക്കിയിടാതെയാണ് എത്തുക. മംഗലപുരം, പോത്തന്‍കോട് സ്റ്റേഷനുകളിലുണ്ടായിരുന്നപ്പോള്‍ ജി.ഡി ചാര്‍ജിനടുത്തായി കസേരയിട്ട് ഇരിക്കും. സ്റ്റേഷനിലെത്തുന്നവരെല്ലാം ഇയാളെ കാര്യങ്ങള്‍ ബോധിപ്പിക്കണം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളിലേ പരാതികളെ ഒതുക്കാനും കൈക്കൂലി ഇടപാടിനും ഇയാള്‍ ഉപയോഗിക്കും. ഈ സ്റ്റേഷനുകളില്‍ സമാന്തര എസ്.എച്ച്.ഒ ആയാണ് പൊലീസുകാരന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഇയാളുടെ വഴിവിട്ട പ്രവൃത്തികള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതോടെ റൂറല്‍ എസ്.പി ഇയാളെ മംഗലപുരത്തു നിന്ന് തൊട്ടടുത്തെ പോത്തന്‍കോട് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ രണ്ട് സ്റ്റേഷനുകളിലും ഇയാളുടെ ഇടപെടലുകളും ഭരണവും തുടങ്ങി.
കാല്‍വെട്ട് കേസിലെ പ്രതിയായ പ്രധാന ഗുണ്ടയുമായും റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായും ബന്ധം കണ്ടെത്തി മലയിന്‍കീഴ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും അവിടെയും സംരക്ഷണത്തിന് ആളുണ്ടായി. അടുത്തിടെയാണ് നഗരൂര്‍ സ്റ്റേഷനിലേക്ക് മാറ്റിയത്. നേരത്തേ ഇയാളെക്കുറിച്ച് ഇന്റലിജന്‍സ് മേധാവി പലവട്ടം റിപ്പോര്‍ട്ട് തേടിയെങ്കിലും നല്‍കിയിരുന്നില്ല.
ദുരൂഹമായി ചുവന്ന മാരുതി കാര്‍
ഒരു കുപ്രസിദ്ധ ഗുണ്ടയുടെ ചുവന്ന മാരുതി സെന്‍ കാര്‍ ഈ പൊലീസുകാരന്‍ ഉപയോഗിക്കുന്നതായി ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഈ ഗുണ്ട ജയിലിലാണിപ്പോള്‍. പൊലീസ് സംഘടനയുടെ നേതാക്കളും ഈ കാര്‍ ഉപയോഗിക്കുന്നതായും വിവരമുണ്ട്.
വെഞ്ഞാറമൂട്ടില്‍ ഇയാള്‍ രണ്ടുകോടി രൂപ ചെലവിട്ട് വീട് നിര്‍മ്മിച്ചെന്നും ഇന്റലിജന്‍സ് പറയുന്നു. വീടിന് ടൈല്‍സും സാനിട്ടറി ഉത്പന്നങ്ങളും സൗജന്യമായി വാങ്ങാന്‍ പൊലീസ് ജീപ്പുമായി ഇയാള്‍ കടകളിലെത്തിയെന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
നിരന്തരം പരാതികളുയര്‍ന്നതോടെ ഇയാള്‍ക്ക് ക്രമസമാധാനചുമതല നല്‍കരുതെന്ന് സ്‌പെഷ്യല്‍ബ്രാഞ്ച് റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. എന്നാല്‍ പൊലീസ് സംഘടനയുടെ സ്വാധീനമുപയോഗിച്ച് ഇയാള്‍ ക്രമസമാധാന ചുമതലയില്‍ തന്നെ തുടരുകയാണ് നിലവിൽ.