കല്ലമ്പലം : നാവായികുളം ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടു പന്നി ശല്യം രൂക്ഷമാകുന്നതായി പരാതി.
കാട്ടുപന്നികളുടെ നാട്ടിലെ തേർവാഴ്ച മൂലം ജനങ്ങളുടെ സ്വൈര്യവിഹാരം നഷ്ടപ്പെട്ടിട്ട് മാസങ്ങൾ പിന്നിടുന്നു. കഴിഞ്ഞ നാല് മാസങ്ങൾക്കുള്ളിൽ പന്നികളുടെ ആക്രമണത്തിന് വിധേയമായവരുടെ എണ്ണം നിരവധിയാണ്. കാർഷിക വിളകൾ മാത്രം നശിപ്പിച്ചിരുന്ന കാട്ടുപന്നിക്കൂട്ടം ഇപ്പോൾ മനുഷ്യ ജീവനും അപകട ഭീഷണി ഉയർത്തിയിരിക്കുയാണ്.
കാടുകൾ വെട്ടിത്തെളിച്ച് കോൺക്രീറ്റ് സൗധങ്ങൾ മനുഷ്യർ പടുത്തുയർത്താൻ തുടങ്ങിയപ്പോൾ തങ്ങളുടെ ആവാസ സ്ഥലം നഷ്ടപ്പെട്ട പന്നികൾ കൂട്ടത്തോടെ നാട്ടിലിറങ്ങിയതാവാം എന്നാണ് ഒരു വിഭാഗം വിദക്തരുടെ അഭിപ്രായം. രാത്രി കാലങ്ങളിൽ കൂട്ടമായി ഇറങ്ങുന്ന പന്നികൾ ബൈക്ക് യാത്രികരെ ആക്രമിക്കുന്നത് പതിവാണ്.
കഴിഞ്ഞ ആഴ്‌ച്ച രാത്രി 10 ന് കല്ലമ്പലം ജംഗ്ഷനിൽ അജ്ഞാത വാഹനമിടിച്ചു ഒരു പന്നി ചത്തിരുന്നു.
നാവായികുളം പഞ്ചായത്തിലെ പലവക്കോട്, പുന്നോട്, ഇടപ്പണ,ഇടമൺ നില,മരുതികുന്ന് പ്രദേശങ്ങളിൽ പന്നി ശല്യം രൂക്ഷമാണ്.