അവധിക്ക് വീട്ടിലെത്തിയ പത്താംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂരിലാണ് സംഭവം. ആദിച്ചനല്ലൂർ കൈതക്കുഴി പൊയ്കവിളയിൽ ടാപ്പിംഗ് തൊഴിലാളികളായ ശ്രീകല -ചന്ദ്രബാബു ദമ്പതികളുടെ ഏക മകൾ അപർണ്ണയെയാണ് (15) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ചാത്തന്നൂർ സ്കൂളിലെ വിദ്യാർത്ഥിയായ അപർണ്ണ, കോൺവെന്റ് ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു. ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. കടയ്ക്കൽ മണികണ്ഠൻ ചിറ സ്വദേശികളായ കുടുംബം കഴിഞ്ഞ 16 വർഷമായി കൈതകുഴിയിൽ വാടകയ്ക്ക് താമസിച്ചുവരുകയാണ്. അതിരാവിലെ ടാപ്പിംഗിന് പോയ മാതാപിതാക്കൾ ജോലി കഴിഞ്ഞ് തിരിച്ചെത്തുകയും മകൾക്കൊപ്പം കട്ടൻ ചായ കുടിക്കുകയും ചെയ്തിരുന്നു.ഇതിന് ശേഷം ഏഴുമണിയോടെയാണ് റബർ പാലെടുക്കാൻ അവർ തിരിച്ചുപോയത്. നേരം പുലർന്നിട്ടും ആരെയും പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസിയായ വീട്ടമ്മ തിരക്കിയെത്തിയപ്പോൾ കതക് തുറന്നു കിടക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപർണ്ണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056