സർക്കാർവാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്താനുള്ള ഗതാഗതവകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് കൈമാറി. 'കെ.എൽ. 99' സീരീസാണ് ഗതാഗതവകുപ്പിന്റെ നിർദേശത്തിലുള്ളത്.
'കെ.എൽ. 99-എ' സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് നൽകാനാണ് നിർദേശം. 'കെ.എൽ. 99-ബി' കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും 'കെ.എൽ. 99-സി' തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും 'കെ.എൽ. 99-ഡി' പൊതുമേഖലാ സ്ഥാപനങ്ങൾക്കും മാറ്റിവെക്കണമെന്ന് ഗതാഗതവകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനായി മോട്ടോർ വാഹനചട്ടം ഭേദഗതിചെയ്യേണ്ടതുണ്ട്.
മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് മോട്ടോർവാഹനവകുപ്പിന്റെ ശുപാർശ പരിഗണിച്ചത്. നയപരമായ തീരുമാനമായതിനാൽ മുഖ്യമന്ത്രിക്ക് കൈമാറാൻ തീരുമാനിക്കുകയായിരുന്നു.
സർക്കാർവാഹനങ്ങളിൽ ബോർഡ് സ്ഥാപിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തും. ഫയൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. കേരളസർക്കാർ എന്ന ബോർഡ് വ്യാപകമായി സർക്കാരിതര വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്. മാർഗനിർദേശങ്ങൾ കൂടുതൽ കർശനമാക്കും.