ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു. ഡൽഹിക്ക് പുറമെ ഹരിയാനയിലും പഞ്ചാബിലും യു.പിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ എല്ലാ സ്വകാര്യ സ്‌കൂളുകളും അടുത്ത ഞായറാഴ്ച വരെ അടച്ചിടാൻ നിർദേശം നൽകി. ഡൽഹിയിൽ കാഴ്ച ഏതാണ്ട് പൂർണമായി മറച്ചാണ് മൂടൽമഞ്ഞ് വ്യാപിച്ചിരിക്കുന്നത്. ഷാർജ-ഡൽഹി വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽ 15 വിമാനങ്ങൾ വൈകി. ഉത്തരേന്ത്യയില്‍ 29 ട്രെയിനുകൾ വൈകിയോടുന്നു.10 വർഷത്തിനിടയിലെ ഡൽഹിയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1.9 ഡിഗ്രി സെൽഷ്യസ്. അർധരാത്രി മുതൽ തന്നെ നഗരത്തിൽ കനത്ത മൂടൽമഞ്ഞാണ്. കാഴ്ചപരിധി കുറയുന്നത് റോഡ്-റയിൽ-വ്യോമ ഗതാഗതത്തെ സാരമായി തന്നെ ബാധിക്കും. ഉത്തർപ്രദേശിലെ കാൻപുരിൽ രക്തസമ്മർദം വർധിച്ചും രക്തം കട്ടപിടിച്ചുള്ള മരണവും ഉയരുകയാണ്. ഇതുവരെ 98 പേർ മരിച്ചു. ഉത്തരേന്ത്യയിൽ നാല് ദിവസമായി തുടരുന്ന ശൈത്യതരംഗം നാളെയോടെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു