പ്രശസ്ത ബാലസാഹിത്യകാരൻ പ്രൊഫ.ശ്രീപാദം ഈശ്വരൻ നമ്പൂതിരി (78) അന്തരിച്ചു

ചങ്ങനാശ്ശേരി: കോളേജ് അദ്ധ്യാപകനും പ്രഭാഷകനും ബാലസാഹിത്യകാരനുമായ ശ്രീപാദം ഈശ്വരൻ നമ്പൂതിരി (78) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള സർവ്വകലാശാലയുടെ ബി എസ് സി ബോർഡ് ഓഫ് സ്റ്റഡീസിലും ഫാക്കൽറ്റി ഓഫ് സയൻസിലും അംഗമായിരുന്നു. അദ്ധ്യാപനത്തോടൊപ്പം ഒപ്പം സാഹിത്യ സപര്യയിലും സജീവമായിരുന്നു.

അർഘ്യം, അനന്ത ബിന്ദുക്കൾ, അഗ്നിശർമ്മന്റെ അനന്തയാത്ര, അനുഭവ കാലം, അർദ്ധവിരാമം, അയ്യട മനമെ, അക്കുത്തിക്കുത്ത്, അയ്യേ പറ്റിച്ചേ, അപ്പൂപ്പൻ താടി, അമ്മച്ചിപ്ലാവ്, അമ്പിളിക്കുന്ന്, ആനമുട്ട, ആനവന്നെ, ആറാം പ്രമാണം, ആർപ്പോ ഈയ്യോ, ആകാശക്കോട്ട, ആലിപ്പഴം, ആരണ്യ കാണ്ഡം, ഇരട്ടി മധുരം, ഈച്ചക്കൊട്ടാരം, ഉറുമ്പോ ഉറുമ്പെ, ഊഞ്ഞാൽ പാലം, എടുക്കട കുടുക്കെ, ഏഴര പൊന്നാന, ഐ രാവതം, ഒന്നാനാം കുന്നിന്മേൽ, ഒറ്റക്കോലം, ഓണത്തപ്പാ കുടവയറാ, ഓട്ടു വള, ഔവ്വെ അതുവ്വോ, കഷ്ടം കഷ്ടം കോനാരെ, കാക്കക്കുളി, കാപ്സൂൾ കവിതകൾ, കിളിപ്പാട്ടു കൾ, കീർത്തന ക്കിളി, കുന്നിമണികളും കൊന്നപ്പൂക്കളും, കൂനന്റെ ആന, കെട്ടുകഥാ പാട്ടുകൾ, കേരളീയം, കൈരളീപൂജ, കൗസ്തുഭം, ഗീതാഗാഥ, ഗ്രീഷ്മ പഞ്ചമി, ചന്ദനക്കട്ടിൽ, ചക്കരക്കുട്ടൻ, ചിമിഴ് ചിന്തുകൾ, ചെത്തിപ്പഴം, ജ്ഞാന സ്നാനം, തെറ്റും തിരുത്തും, തേവാരം, തോന്ന്യാക്ഷരങ്ങൾ, നക്ഷത്രത്തിന്റെ മരണം, നുള്ളു നുറുങ്ങും, പൊന്നും തേനും, രാമായണത്തിലൂടെ ഒരു തീർത്ഥയാത്ര, ബോണി ലിയ, വസ്ത്രാക്ഷേപം, ശ്രീ പാദത്തിന്റെ 2 നാടകങ്ങൾ, സദൃശ്യവാക്യം, സമർപ്പിത, സന്ധ്യാദീപം, റി ദംത, തുടങ്ങി എഴുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ഇത്തിത്താനം ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ:നരസിംഹൻ നമ്പൂതിരി. അമ്മ:ദേവകി അന്തർജ്ജനം. മലകുന്നം ഗവൺമെൻറ് എൽ പി സ്കൂളിലും ഇളങ്കാവ് ദേവസ്വം യുപി സ്കൂളിലും കുറിച്ചി എവി ഹൈസ്കൂളിലും ചങ്ങനാശ്ശേരി എസ് ബി കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1968 ൽ എം എസ് സി ഫിസിക്സ് ഫസ്റ്റ് ക്ലാസിൽ പാസായി. അഞ്ചൽ സെൻറ് ജോൺസ് കോളേജിലും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലുമായി 32 വർഷത്തെ അദ്ധ്യാപനം. 2000 ആണ്ടിൽ വിരമിച്ചു. 
എൻ.സി.ഇ.ആർ.ടി. നാഷനൽ അവാർഡ്, തകഴി സ്മാരക പുരസ്കാരം, ദീപിക അവാർഡ്, സി എൽ എസ് അവാർഡ്, എസ് ബി ഐ അവാർഡ്, അദ്ധ്യാപക കലാ സാഹിത്യ സമിതി അവാർഡ്, മന്ദസ്മിതം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആകാശവാണി ദൂരദർശന് വേണ്ടി നിരവധി ലളിതഗാനങ്ങളും നൃത്തത്തിനു വേണ്ടി ഉള്ള പദങ്ങളും രചിച്ചിട്ടുണ്ട്. മീരാഭായിയാണ് ഭാര്യ. മകൻ ഹരിപ്രസാദ്, മരു മകൾ: സീത ഹരിപ്രസാദ്,പേരക്കുട്ടി മൈഥിലി
സംസ്കാരം ചങ്ങനാശ്ശേരി, തുരുത്തിയിലെ ശ്രീപാദത്തിൽ. വ്യാഴാഴ്ച്ച (ജനുവരി 12) ഉച്ചക്ക് ഒരുമണിക്ക്.