കോലിക്ക് 73ാം സെഞ്ചുറി; കസറി രോഹിതും ഗില്ലും; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍

വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തിൽ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ വിജയ ലക്ഷ്യമുയർത്തി ഇന്ത്യ. 87 പന്തിൽ 113 റൺസുമായി കോലി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 373 റൺസ്. ശ്രീലങ്കയ്ക്ക് 374 റൺസ് വിജയലക്ഷ്യം. 80 പന്തുകളിൽനിന്നാണ് കോലി ഏകദിന കരിയറിലെ 45–ാം സെഞ്ചറി തികച്ചത്. 47 പന്തുകളിൽ അമ്പതു തികച്ച താരം 33 പന്തുകളിൽ സെഞ്ചുറിയിലേക്കെത്തി. അടിച്ചുകൂട്ടിയത് പത്ത് ഫോറും ഒരു സിക്സും. 87 പന്തുകൾ നേരിട്ട താരം 113 റൺസെടുത്ത് പുറത്തായി. ഇതോടെ കോലിയുടെ ആകെ സെഞ്ചറികളുടെ എണ്ണം 73 ആയി. ഹോം ഗ്രൗണ്ടിലെ സെ​ഞ്ചുറികളുടെ എണ്ണത്തിൽ കോലി സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിനൊപ്പമെത്തി. ഇരുവരും ഇന്ത്യൻ മണ്ണിൽ 20 ഏകദിന സെഞ്ചറികൾ നേടിയിട്ടുണ്ട്. ഒന്നാം വിക്കറ്റിൽ 143 റൺസിന്റെ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്.രോഹിത് 41 പന്തുകളിൽനിന്നും, ഗിൽ 51 പന്തുകളിൽനിന്നും അർധ സെഞ്ചുറി തികച്ചു. 67 പന്തുകൾ നേരിട്ട രോഹിത് 83 റൺസെടുത്തു. ഒൻപതു ഫോറുകളും മൂന്ന് സിക്സുകളുമാണ് രോഹിത് ബൗണ്ടറി കടത്തിയത്. അരങ്ങേറ്റ മത്സരം കളിക്കുന്ന ദിൽഷൻ മദുഷങ്കയുടെ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ബോൾ‍ഡാകുകയായിരുന്നു.60 പന്തിൽ 70 റൺസെടുത്ത ശുഭ്മൻ ഗിൽ ശ്രീലങ്ക ക്യാപ്റ്റൻ ദസുൻ ഷനാകയുടെ പന്തിൽ എൽബിയിൽ കുടുങ്ങുകയായിരുന്നു. ധനഞ്ജയ ഡിസിൽവയുടെ പന്തിൽ അവിഷ്ക ഫെർണാണ്ടോ ക്യാച്ചെടുത്താണ് ശ്രേയസ് അയ്യരുടെ (24 പന്തിൽ 28) പുറത്താകൽ. ഇന്ത്യൻ സ്കോർ 300 കടന്നതിനു പിന്നാലെ കസുൻ രജിതയുടെ പന്തിൽ രാഹുൽ ബോൾഡായി. 29 പന്തിൽ 39 റൺസാണ് രാഹുൽ നേടിയത്. വമ്പനടികൾക്കു പേരുകേട്ട ഹാർദിക് പാണ്ഡ്യയ്ക്ക് ആദ്യ മത്സരത്തിൽ തിളങ്ങാനായില്ല. ബൗണ്ടറികൾ കണ്ടെത്താൻ ബുദ്ധിമുട്ടിയ പാണ്ഡ്യ 12 പന്തിൽ 14 റൺസെടുത്തു പുറത്തായി. അക്സർ പട്ടേൽ ഒൻപതു പന്തിൽ ഒൻപതു റൺസെടുത്തു.കസുൻ രജിതയുടെ പന്തിൽ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് ക്യാച്ചെടുത്താണു കോലിയെ പുറത്താക്കിയത്. മുഹമ്മദ് ഷമിയും (നാല് പന്തിൽ നാല്), മുഹമ്മദ് സിറാജും (എട്ട് പന്തിൽ ഏഴ്) ഇന്ത്യന്‍ നിരയിൽ പുറത്താകാതെ നിന്നു. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.