തിരുവനന്തപുരം: സ്വകാര്യ ഏജൻസിക്ക് വഴിവിട്ട് കരാർ നൽകിയതിലൂടെ തിരുവനന്തപുരം കോർപ്പറേഷൻ 68 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്‍റെ ( സിഎജി) കണ്ടെത്തൽ. കുട്ടികളുടെ പഠനനനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതിയിലാണ് ക്രമക്കേട് കണ്ടെത്തിയത്.തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാൻ 2018-ൽ തുടങ്ങിയതാണ് എസ്എംഎസ് പദ്ധതി. ഇതിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസിയെ ചട്ടം ലംഘിച്ചാണ് ഏൽപ്പിച്ചതെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. എച്ച്ആർഇഡിസി എന്ന കമ്പനിക്ക് സർക്കാർ മാർഗരേഖകളും സ്റ്റോർ പർച്ചേസ് മാന്വലും ലംഘിച്ചാണ് കരാർ നൽകിയത്. ടെൻഡർ നടപടികൾ പാലിക്കാതെ കരാറിൽ ഏർപ്പെട്ടു. എച്ച്ആർഇഡിസി സർക്കാരിന്റെ അക്രഡിറ്റേഷനുള്ള ഏജൻസിയല്ല. കോർപ്പറേഷനും ഏജൻസിയും തമ്മിൽ കരാറിൽ ഏർപ്പെട്ടില്ല. കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കൽ, ഫോട്ടോ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യൽ,ഐഡി കാർഡ് വിതരണം എന്നിവയാണ് കമ്പനിയുടെ ചുമതല. ഇതിൽ ഐഡി കാർഡ് അച്ചടിക്കരാറിലൂടെ 68 ലക്ഷത്തോളം രൂപ കോർപ്പറേഷന് നഷ്ടമുണ്ടാക്കിയെന്നും സിഎജി കണ്ടെത്തി. സർക്കാരിന്റെ പ്രിന്റിങ് ഏജൻസികളിലടക്കം നിരക്ക് ധ1പകുറവായിരിക്കെ ഉയർന്ന നിരക്കിൽ കരാർ നൽകിയതാണ് നഷ്ടമുണ്ടാക്കിയത്. മുഴുവൻ കുട്ടികൾക്കും ഐഡി കാർഡ് വിതരണം ചെയ്തതുമില്ല. പ്രാഥമിക റിപ്പോർട്ട് സിഎജി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കമ്പനി തങ്ങളുടെ പൂർണ നിയന്ത്രണത്തിലുള്ളതാണെന്നാണ് കോർപ്പറേഷന്റെ വിശദീകരണം.