'വിഴിഞ്ഞം പദ്ധതി 60% പൂർത്തിയായി, സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തും'

തിരുവനന്തപുരം: വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ആദ്യ കപ്പൽ എത്തുന്നത് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും. തുറമുഖം പൂർണ സജ്ജമാകണമെങ്കിൽ ഇനിയും ഒരു വർഷത്തിലേറെ സമയമെടുക്കും. ഇതുവരെ വിഴിഞ്ഞത്ത് 60% പദ്ധതി പൂർത്തിയായി. 7 ക്വാറികൾ കൂടി പുതുതായി തുടങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കല്ലിന് ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു.വിഴിഞ്ഞം തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എൻഐഒടിയുടെ പുതിയ പഠനത്തിലും കണ്ടെത്തൽ. വലിയ തീരശോഷണം നേരിടുന്ന വലിയതുറ, ശംഖുമുഖം സ്ട്രെച്ചിൽ അടുത്ത വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെട്ട്‌ തീരം സ്ഥിരപ്പെടുമെന്നും എൻഐഒടിയുടെ പഠനത്തിൽ പറയുന്നു. 2022ലെ വാർഷിക പഠന റിപ്പോർട്ടിന്റെ കരടിലാണ് കണ്ടെത്തൽ.എൻഐഒടിയുടെ പഠനം നടന്നത് 2021 ഒക്ടോബർ മുതൽ 2022 സെംപ്റ്റംബർ വരെയുള്ള കാലയളവിലാണ്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതൽ പൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാർ, എടപ്പാട് എന്നിവിടങ്ങളിൽ തീരശോഷണം വ്യക്തമാണ്. തുമ്പ - ശംഖുമുഖം, പുല്ലുവിള - പൂവാർ സ്ട്രെച്ചിലാണ് ഈ കാലയളവിൽ തീരം വെയ്പ്പ് കണ്ടെത്തിയത്. തുറമുഖ നിർമാണത്തിന് തീരശോഷണത്തിലോ, തീരം വയ്പ്പിലോ കാര്യമായ സ്വാധീനം ഉണ്ടാക്കാൻ ആയിട്ടില്ലെന്നാണ് വിലയിരുത്തൽ.