തലസ്ഥാനത്ത് വ്യോമസേനയുടെ അഭ്യാസപ്രകടനം ഫെബ്രുവരി 5-ന്

തിരുവനന്തപുരം: ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്താൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം തിരുവനന്തപുരത്ത് എത്തുന്നു. ഫെബ്രുവരി അഞ്ചിന് ശംഖുമുഖത്ത് ആകാശത്ത് അഭ്യാസപ്രകടനം നടത്തും.

ഹാക്ക് വിഭാഗത്തിലുള്ള 11 വിമാനങ്ങൾ പ്രകടനത്തിൽ പങ്കാളികളാകും. ഈ മാസം 31-ന് ഉച്ചയ്ക്ക് വിമാനത്താവളത്തിന്റെ ശംഖുമുഖത്തുള്ള വ്യോമസേനാതാവളത്തിൽ വിമാനങ്ങൾ എത്തും. ഈ വിമാനങ്ങളെ കൂടാതെ സി.-17 വിമാനം, ഹെലികോപ്റ്റർ എന്നിവയും സംഘത്തിലുണ്ടാകും. അഞ്ചിന് നടക്കുന്ന ആകാശ അഭ്യാസത്തിന്റെ മുന്നോടിയായി ഫെബ്രുവരി ഒന്നുമുതൽ നാലാം തീയതിവരെ രാവിലെ 8.30 മുതൽ 9.30 വരെ പരിശീലനപ്രകടനം നടത്തും. ഏകദേശം 10000 അടി ഉയരത്തിലാണ് പ്രകടനം. പരിശീലന ദിവസങ്ങളിലും ആകാശ അഭ്യാസ പ്രകടനം നടത്തുന്ന സമയങ്ങളിലും തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രാവിമാനങ്ങൾക്ക് നിയന്ത്രണമുണ്ട്. ആകാശ അഭ്യാസത്തിനു മുന്നോടിയായി വേണ്ട സാങ്കേതിക സൗകര്യങ്ങൾ, അനുബന്ധസൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനുള്ള സംഘവുമായി തിങ്കളാഴ്ച വൈകീട്ട് നാലരയോടെ സേനയുടെ ഗ്ലോബ് മാസ്റ്റർ വിമാനവും തിരുവനന്തപുരത്ത് എത്തിയിരുന്നു