പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീ പിടുത്തം; 5 കടകൾ കത്തി, ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ വൻ തീപ്പിടുത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു. നഗര മധ്യത്തിലെ നമ്പർ വൺ ചിപ്സ് കട എന്ന കടയ്ക്കാണ് ആദ്യം തീ പടർന്ന് പിടിച്ചത്. പിന്നീട് സമീപത്തെ എ വൻ ബേക്കറി, ഒരു മൊബൈൽ ഷോപ്പ്, ചെരുപ്പ് കടയിലേക്കും തീ പടർന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു. തുടർന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ച് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ആളുകൾ കടക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. സമീപത്തെ കടകളിലെ ഗ്യാസ് കുറ്റികൾ അടക്കം മാറ്റി. നിലവിൽ നഗരത്തിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു.