മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സിനിമയ്ക്കെതിരെയുള്ള ഇടവേള ബാബുവിന്റെ പരാമർശം വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ തനിക്കെതിരെ അസഭ്യ വിഡിയോ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് കൊച്ചി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കൃഷ്ണപ്രസാദിനെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സൈബർ പൊലീസ് അറിയിച്ചു.
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായാണ് മുകുന്ദൻ ഉണ്ണി എത്തിയത്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു. വിനീത് ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് മുകുന്ദൻ ഉണ്ണി വിലയിരുത്തപ്പെടുന്നത്. എന്നാൽ ചിത്രത്തെ രൂക്ഷഭാഷയിലാണ് ഇടവേള ബാബു വിമർശിച്ചത്. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.