ഹിമയുഗത്തിന് ശേഷം ഇതാദ്യം; 50000 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിക്കരുകിലേക്ക് വീണ്ടുമെത്തുന്ന ആ അതിഥിയെ കുറിച്ചറിയാം

50000 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഭൂമിക്കരുകിലൂടെ ആ അപൂര്‍വ ഉല്‍ക്കയെത്തും. C/2022 E3 (ZTF) എന്നു പേരിട്ടിരിക്കുന്ന ഈ ഉല്‍ക്ക സൂര്യനെ ഒരു തവണ ഭ്രമണം ചെയ്യാനെടുക്കുന്നത് അരലക്ഷം വര്‍ഷമാണ്.അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ ഭൂമിയോട് ചേര്‍ന്ന് ഇത് സഞ്ചരിച്ചപ്പോള്‍ ഭൂമിയില്‍ ഹിമയുഗമായിരുന്നു.

ജനുവരി പന്ത്രണ്ടിന് സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ഈ ഉല്‍ക്കയെ പിന്നീടുള്ള ദിവസങ്ങളില്‍ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കുമെന്നാണ് വാനനിരീക്ഷകരുടെ പ്രതീക്ഷ. സൂര്യനെ വലം വെച്ച ശേഷമുള്ള യാത്രയില്‍ ഭൂമിയോട് 4.2 കോടി കിലോമീറ്റര്‍ വരെ അകലത്തിലാവും ഈ ഉല്‍ക്കയുടെ സഞ്ചാരം.

സൂര്യനോട് ഏറ്റവും അടുത്തു വരുന്ന സമയത്ത് നഗ്നനേത്രങ്ങള്‍കൊണ്ട് ഈ ഉല്‍ക്കയെ നിരീക്ഷിക്കാനാവില്ല. അതേസമയം, ദൂരദര്‍ശിനികള്‍ ഉപയോഗിച്ച്‌ നിരീക്ഷിക്കാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍ പിന്നീട് കൂടുതല്‍ തെളിച്ചത്തോടെയും ഭൂമിയോട് അടുത്തും സഞ്ചരിക്കുന്ന ഈ ഉല്‍ക്കയെ രാത്രികാലങ്ങളില്‍ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാവും. ജനുവരി 12ന് രാത്രി 11 മുതല്‍ ഈ ഉല്‍ക്കയുടെ സഞ്ചാരത്തിന്റെ ലൈവ്‌സ്ട്രീമിങ് ദി വിര്‍ച്ച്‌വല്‍ ടെലസ്‌കോപ് പ്രൊജക്‌ട് നടത്തുന്നുണ്ട്. അവരുടെ വെബ് സൈറ്റിലും യൂട്യൂബ് ചാനലിലും ഉല്‍ക്കയുടെ സഞ്ചാരത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ആസ്വദിക്കാനാവും.

അര ലക്ഷം വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഈ ഉല്‍ക്കയുടെ സൂര്യനു ചുറ്റുമുള്ള ഭ്രമണം പൂര്‍ത്തിയാവുകയെന്നാണ് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബ്‌സ് അറിയിക്കുന്നത്. അതുകൊണ്ടാണ് നേരത്തേ ഭൂമിയോട് ഏറ്റവും അടുത്ത് ഈ ഉല്‍ക്ക വന്നപ്പോള്‍ ഇവിടെ ഹിമയുഗമായിരിക്കുമെന്ന് ഗവേഷകര്‍ കണക്കുകൂട്ടി പറയുന്നത്. ആദ്യകാല ഹോമോസാപിയന്‍സും നിയാഡര്‍താലുകളും അന്ന് ഭൂമിയില്‍ വസിച്ചിരുന്നു.

ഭൂമിയോട് ഏറ്റവും അടുത്ത് C/2022 E3 (ZTF) എത്തുക ഫെബ്രുവരി രണ്ടിനാണ്. ഈ ദിവസത്തോട് അടുപ്പിച്ച ദിവങ്ങളിലായിരിക്കും ഉല്‍ക്കയെ പരമാവധി തെളിച്ചത്തില്‍ കാണാനാവുക. ജനുവരി അവസാനത്തിലും ഫെബ്രുവരിയുടെ തുടക്കത്തിലും സാധാരണ ബൈനോക്കുലറുകള്‍ കൊണ്ടും ചെറു ടെലസ്‌കോപുകള്‍ ഉപയോഗിച്ചും ഇതിനെ കാണാനാവും.

ഇന്ത്യ ഉള്‍പ്പെടുന്ന ഉത്തരാര്‍ധഗോളത്തിലെ രാജ്യങ്ങളിലുള്ളവര്‍ക്ക് പുലര്‍ച്ചെയായിരിക്കും ഈ ഉല്‍ക്കയെ തിളക്കത്തോടെ കാണാനാവുക. ദക്ഷിണാര്‍ധഗോളത്തിലുള്ളവര്‍ക്ക് ഫെബ്രുവരി തുടക്കത്തിലെ രാത്രികളില്‍ ഈ ഉല്‍ക്കയെ കാണാനാവും. ഉല്‍ക്ക ഭൂമി സന്ദര്‍ശിക്കാനെത്തുന്ന ദിവസങ്ങളിലെ അമാവാസി ജനുവരി 21നാണ്. ഇരുണ്ട ആകാശത്ത് കൂടുതല്‍ തെളിച്ചത്തില്‍ കാണാനാവും എന്നതിനാല്‍ ഈ ദിവസങ്ങളോട് ചേര്‍ന്നുള്ള രാത്രികളില്‍ ഉല്‍ക്കയെ കാണാനുള്ള സാധ്യത കൂടുതലാണ്.