ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്നതുകൊല്ലം ജില്ലയിൽ എന്ന് റിപ്പോർട്ട്. അഞ്ചുവർഷത്തിനിടെ അയ്യായിരത്തോളംപേരാണ് ഇവിടെ ജീവനൊടുക്കിയത്. രാജ്യത്ത് ഒരുലക്ഷംപേരിൽ 12 പേർ ആത്മഹത്യ ചെയ്യുന്നതായാണ് കണക്ക്. എന്നാൽ കൊല്ലത്ത് ഒരുലക്ഷംപേരിൽ 44 പേർ ജീവനൊടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2021-ലെ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യനിരക്കുള്ള ജില്ലയാണ് കൊല്ലം. 2022-ലും ആത്മഹത്യനിരക്കിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല.
കൊല്ലത്ത് ജീവനൊടുക്കിയവരിലധികവും മുപ്പതിനും അമ്പതിനുമിടയിൽ പ്രായമുള്ളവരുമാണ്. കുട്ടികളും മരണക്കണക്കിൽ മുന്നിലാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ടവരുടെ എണ്ണത്തിലും കൊല്ലം മുന്നിലാണ്. കോവിഡ് വ്യാപനമുണ്ടായ 2021-ൽ മാത്രം ഇരുപതിനായിരത്തോളംപേരാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഒരുദിവസം 12 പേർ ആത്മഹത്യ ചെയ്യുമ്പോൾ 247 പേരുടെ ആത്മഹത്യശ്രമം പരാജയപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്.
നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് പ്രകാരം മാനസികാസ്വാസ്ഥ്യമുള്ളവരുടെ എണ്ണത്തിലും ജില്ല മുന്നിലാണ്. ഒരുലക്ഷംപേരിൽ 282 പേരാണ് ഇത്തരത്തിലുള്ളത്. 18-നും 30-നും ഇടയിൽ പ്രായമുള്ളവരിലെ ആത്മഹത്യപ്രവണത ഏറുകയാണ്. 2018-147, 2019-145, 2020-153, 2021-169, 2022 സെപ്റ്റംബർവരെ 119 എന്നിങ്ങനെയാണ് ജീവനൊടുക്കിയത്. കുട്ടികളും മരണക്കണക്കിൽ മുന്നിലാണ്. 2018-28, 2019-35, 2020-29, 2021-37, 2022 സെപ്റ്റംബർവരെ 27-ഇങ്ങനെയാണ് കുട്ടികളുടെ ആത്മഹത്യകളുടെ കണക്ക്. 30-50 പ്രായപരിധിയിലുള്ള 1797 പേരാണ് അഞ്ചുവർഷത്തിനിടെ ആത്മഹത്യ ചെയ്തത്. 50-നും 65-നും ഇടയിൽ പ്രായമുള്ള 1270 പേർ ജീവനൊടുക്കി.
കോവിഡ് കാലത്തുണ്ടായ തൊഴിൽനഷ്ടം, വ്യാപാരത്തകർച്ച, നിയമപ്രശ്‌നങ്ങൾ, വിവാഹേതരബന്ധങ്ങൾ, മദ്യം-മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, പെരുമാറ്റവൈകല്യങ്ങൾ, കാർഷികമേഖലയിലെ പ്രതിസന്ധി തുടങ്ങിയവയാണ് ആത്മഹത്യകൾക്ക് കാരണങ്ങളായി മനോരോഗവിദഗ്ദ്ധർ കണ്ടെത്തിയിട്ടുള്ളത്. ചെറുപ്പക്കാരിൽ ലഹരി ഉപയോഗം വർധിക്കുന്നതും കുട്ടികൾ സാമൂഹികമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ട്.
ജില്ലയിൽ ആത്മഹത്യചെയ്തവരിൽ അധികവും ദീർഘനാൾ മാനസികപ്രശ്‌നങ്ങൾ നേരിട്ടവരാണ്. പെട്ടെന്നുണ്ടായ മനോവിഷമംകൊണ്ട് ആത്മഹത്യചെയ്തവർ ചെറിയൊരു ശതമാനം മാത്രമാണ്. മാനസികാരോഗ്യപ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് തുടക്കത്തിലേ നല്ല ചികിത്സ ഉറപ്പാക്കുകയാണ് പ്രധാനം.