വിമാനത്താവളത്തിലെ റൺവേയിൽ വിമാനത്തിൽ കയറാനായി ബസ്സിൽ കാത്തിരുന്ന 50 ഓളം യാത്രക്കാരെ മറന്നുവെച്ച് വിമാനം പറന്നു. ഗോ ഫസ്റ്റ് വിമാനമാണ് യാത്രക്കാരെ ബസ്സിൽ മറന്നു വെച്ച് യാത്ര പുറപ്പെട്ടത്. ബംഗളൂരുവിലാണ് സംഭവം. ഏവിയേഷൻ റെഗുലേറ്റർ ഡി. ജി. സി. എ വിമാന കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ 6.30ന് ബംഗളൂരുവിലെ കെംപഗൗഡ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന വിമാനമാണ് യാത്രക്കാരെ റൺവേയിൽ മറന്നുവെച്ചത്. വിമാനത്തിലേക്ക് നാലു ബസുകളിൽ ആയാണ് യാത്രക്കാരെ എത്തിച്ചിരുന്നത്. 55 ഓളം യാത്രക്കാരെ ഒരു ബസ്സിൽ തന്നെ കാത്തുനിർത്തിക്കൊണ്ട് അവരെ കയറ്റാതെ വിമാനം പറന്നുയരുകയായിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന് നാലു മണിക്കൂറിനു ശേഷം രാവിലെ 10 ഓടെ ആളുകളെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയി.