ഇത് ‘കേരളത്തിന്റെ’ പുതുവർഷ സമ്മാനം; ആന്ധ്രാപ്രദേശിനെ 5 ഗോളിന് തോൽപ്പിച്ചു

സന്തോഷ് ട്രോഫിയിൽ ഫുട്ബോളിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ആന്ധ്രപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളിന് പരാജയപ്പെടുത്തി. ജയത്തോടെ ഗ്രൂപ്പിൽ കേരളം ഒന്നാമതെത്തി. നേരത്തെ രാജസ്ഥാനെയും ബീഹാറിനെയും തോൽപ്പിച്ചിരുന്നു.ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ മൂന്നാം ഗോളുകൾ പിറന്നു. മത്സരത്തിൻ്റെ പതിനാറാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ നിജോ ഗിൽബേർട്ട് ആണ് ഗോൾ വേട്ട ആരംഭിച്ചത്. പതിനെട്ടാം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് കേരളം ലീഡ് ഇരട്ടിയാക്കി. ഇത്തവണ മുഹമ്മദ് സലീമാണ് വലകുലുക്കിയത്.അബ്ദു റഹീം ആണ് കേരളത്തിന്റെ മൂന്നാം ഗോൾ നേടിയത്. നിജോ ഗിൽബേർട്ടിന്റെ ത്രൂ പാസ് റഹീം ഗോളാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ വിശാഖ് മോഹനാണ് നാലാം ഗോൾ നേടിയത്. 62ആം മിനിറ്റിൽ വിഗ്നേഷ് കൂടെ ഗോൾ നേടിയതോടെ 5 ഗോളിന് കേരളം മുന്നിൽ. സമ്പൂർണ്ണ ആധിപത്യം പുലർത്തിയെങ്കിലും നിരവധി ഗോൾ അവസരങ്ങൾ കേരളം പാഴാക്കി. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.