മിസോറമും വീണു, നരേഷിന് ഇരട്ട ഗോൾ; കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ (5-1)

കോഴിക്കോട്• സന്തോഷ് ട്രോഫി ഫുട്ബോളിൽ ഗ്രൂപ്പ് ചാംപ്യൻമാരായി കേരളം ഫൈനൽ റൗണ്ടിൽ കടന്നു. രണ്ടാം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കരുത്തരായ മിസോറമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണു കേരളം കീഴടക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോളടിച്ച കേരളം രണ്ടാം പകുതിയിൽ നാലു ഗോളുകൾ കൂടി നേടി.നരേഷ് ഭാഗ്യനാഥ് ഇരട്ട ഗോള്‍ നേടി. നിജോ ഗിൽബർട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനൻ എന്നിവരും കേരളത്തിനായി ലക്ഷ്യം കണ്ടു. മൽസംഫെലയാണ് മിസോറമിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.ഗ്രൂപ്പിലെ അഞ്ചു മത്സരങ്ങളും ജയിച്ച കേരളം 15 പോയിന്റുമായാണ് ‍ഡൽഹിയിൽ നടക്കുന്ന ഫൈനല്‍ റൗണ്ട് ഉറപ്പിച്ചത്. നാലു കളികൾ വിജയിച്ച മിസോറം 12 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായി. അഞ്ച് മത്സരങ്ങളിൽനിന്ന് കേരളം അടിച്ചു കൂട്ടിയത് 24 ഗോളുകളാണ്, വഴങ്ങിയത് രണ്ടെണ്ണം മാത്രം.