4 മലയാളികൾക്ക് പത്മശ്രീ; സുധാ മൂർത്തിക്കും വാണി ജയറാമിനും പത്മഭൂഷൻ

ന്യൂഡൽഹി: 4 മലയാളികള്‍ക്ക് പത്മശ്രീ പുരസ്കാരം ഉൾപ്പെടെ ഈ വർഷത്തെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി.പി.അപ്പുക്കുട്ട പൊതുവാള്‍, ചരിത്രകാരൻ സി.ഐ.ഐസക്, കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദ്, കർഷകൻ ചെറുവയൽ കെ.രാമൻ എന്നീ മലയാളികൾക്കാണ് പത്മശ്രീ പുരസ്കാരം. ആകെ 91 പേർക്കാണ് പത്മശ്രീ പുരസ്കാരം. 

ഒആർഎസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസ് ഉൾപ്പെടെ 6 പേർക്കാണ് പത്മവിഭൂഷൻ. 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിൽ ഇദ്ദേഹം അഭയാർഥി ക്യാംപുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. 

ആർക്കിടെക്റ്റ് ബാലകൃഷ്ണ ധോഷി (മരണാനന്തരം), തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ, ഇന്തോ–അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ ശ്രിനിവാസ് വർധൻ, ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് (മരണാനന്തരം) എന്നിവരാണ് പത്മവിഭൂഷൻ നേടിയ മറ്റുള്ളവർ.

ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി, ഗായിക വാണി ജയറാം ഉൾപ്പെടെ 15 പേർക്കാണ് പത്മഭൂഷൻ.

സംഗീത സംവിധായകൻ എം.എം.കീരവാണി, രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോബി, മുനിശ്വർ ചന്ദേർ ദാവർ, നാഗാലാൻഡിലെ സാമൂഹിക പ്രവർത്തകൻ രാംകുവങ്ബെ നുമെ, നാഗാലാൻഡ് മുവാ സുബോങ്, മംഗള കാന്തി റോയി, തുല രാമ ഉപ്‌റേതി എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി.