പ്രശാന്ത സുന്ദരമായ നമ്മുടെ സ്വന്തം കേരളത്തിന്റെ മുക്കിലും മൂലയിലും എണ്ണയിട്ട യന്ത്രംപോലെ വര്‍ത്തിക്കുന്ന ഒരു സംഘം വനിതകള്‍. അവര്‍ നടത്തുന്ന ഇടപെടലുകളില്‍ ശ്വാസം തിരികെ കിട്ടുന്ന നമ്മുടെ സ്വന്തം പ്രകൃതി. ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും കുടുംബശ്രീയുടെയും മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സുസ്ഥിര മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഹരിതകര്‍മ്മസേന എന്ന ഈ സംഘം നല്‍കിവരുന്നത് വിലമതിക്കാനാകാത്ത സേവനങ്ങളാണ്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം ഇവര്‍ ഈ ഭൂമുഖത്ത് നിന്ന് നീക്കം ചെയ്തത് 4836.262 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് എന്നറിയുമ്പോഴാണ് നമ്മുടെ കേരളത്തില്‍ ഇവര്‍ നിശബ്ദ വിപ്ലവത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 28,235 ഹരിതകര്‍മ്മസേനാംഗങ്ങള്‍ ചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത്്.
നമുക്കും വരുംതലമുറയ്ക്കും വേണ്ടി ഇത്രയും ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് പ്രതിഫലമായി നിശ്ചിത യൂസര്‍ഫീസ് നല്‍കേണ്ടതില്ലെന്ന നിലയില്‍ ഇപ്പോള്‍ വ്യാപകമായ രീതിയില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഈ വാര്‍ത്തയ്‌ക്കൊപ്പം പ്രചരിപ്പിക്കുന്ന വിവരാവകാശരേഖയില്‍ ഒരിടത്തുപോലും ഹരിതകര്‍മ്മസേനയ്ക്ക് യൂസര്‍ഫീസ് നല്‍കേണ്ടതില്ല എന്ന പരമാര്‍ശമില്ല എന്നതാണ് വാസ്തവം.
ഹരിതകര്‍മ്മസേന പ്രവര്‍ത്തന മാര്‍ഗ്ഗരേഖ അംഗീകരിച്ചുകൊണ്ടുള്ള 12/08/2020ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 1496/2020/തസ്വഭവ അനുസരിച്ചാണ് ഹരിതകര്‍മ്മസേനയുടെ രൂപീകരണവും പ്രവര്‍ത്തനവും നടത്തുന്നത്. ഒരു വാര്‍ഡില്‍ രണ്ട് പേര്‍ എന്ന നിലയിലാണ് തദ്ദേശ സ്ഥാപന പരിധിയിലെ ഹരിതകര്‍മ്മസേനയില്‍ അംഗങ്ങളുണ്ടാകുക. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന യൂസര്‍ഫീസ് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് നല്‍കാന്‍ വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടത്തിലെ 4(3), 15(f) പരമാര്‍ശങ്ങള്‍ പ്രകാരമാണിത്.
ഓരോ വീട്ടിലും കയറിയിറങ്ങി അജൈവ മാലിന്യം ശേഖരിച്ച് അവ തരംതിരിച്ച് പുനരുപയോഗം ചെയ്യാനാകുന്നവ അതിനായുള്ള കമ്പനികള്‍ക്ക് കൈമാറുക, അല്ലാത്തവ റോഡ് ടാറിങ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് ഹരിതകര്‍മ്മസേനാംഗങ്ങള്‍ ചെയ്തുവരുന്നത്. കൂടാതെ വീട്ടുകാര്‍ക്ക് ജൈവ മാലിന്യ സംസ്‌ക്കരണത്തിനുതകുന്ന പരിഹാരങ്ങളും നിര്‍ദ്ദേശങ്ങളും അവര്‍ നല്‍കി വരുന്നു.
'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന പൊതുതത്വം പാലിച്ച് സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്ന കടമ നിറവേറ്റുന്നതിന് ഏറെ സഹായകമാകുന്ന ഹരിതകര്‍മ്മസേനയ്ക്ക് ഏവരും അകമഴിഞ്ഞ പിന്തുണ നല്‍കുമെന്നും അടിസ്ഥാനരഹിതമായ വിവരങ്ങള്‍ വിശ്വസിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യാതിരുന്ന് ഹരിതകര്‍മ്മസേനയുടെ ആത്മവീര്യം കെടാതെ കാക്കുമെന്നും പ്രതീക്ഷിക്കട്ടെ.