സ്വര്‍ണ വില സര്‍വകാല റെക്കോർഡിൽ; പവന് 42,000 കടന്നു

സ്വര്‍ണ വില സര്‍വകാല റെക്കോഡ് ഭേദിച്ചു. ചൊവാഴ്ച പവന്റെ വില 280 രൂപ കൂടി 42,160 രൂപയിലെത്തി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ട 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനുമുമ്പ് 42,000 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തിയത്. പിന്നീട് വിലയില്‍ ഘട്ടംഘട്ടമായി ഇടിവുണ്ടായി. 2021 മാര്‍ച്ചില്‍ വില 32,880 രൂപയിലെത്തുകയും ചെയ്തു.

ആഗോള വിപണിയിലെ മുന്നേറ്റമാണ് രാജ്യത്തെ സ്വര്‍ണവിലയിലും പ്രതിഫലിച്ചത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനയില്‍ മൃദുനയം സ്വീകരിക്കേച്ചാമെന്ന വിലയിരുത്തലിനെതുടര്‍ന്ന് യുഎസ് ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണം നേട്ടമാക്കിയത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില നാല് ശതമാനം ഉയര്‍ന്നു. 57,050 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.2ശതമാനം ഉയര്‍ന്ന് 1,935.69 ഡോളര്‍ നിലവാരത്തിലെത്തി.