സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്, യുവാവുമായി 4 വ‍ര്‍ഷം ചാറ്റിംഗ്, 12 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

കോട്ടയം: സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് യുവാവിൽ നിന്ന് 12 ലക്ഷം തട്ടിയ ആളെ കോട്ടയം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂവാർ ഉച്ചക്കട സ്വദേശി വിഷ്ണു എന്ന ഇരുപത്തിയഞ്ചുകാരനാണ് അറസ്റ്റിലായത്. കടുത്തുരുത്തി സ്വദേശിയായ യുവാവിനെയാണ് വിഷ്ണു നാലുകൊല്ലം പറ്റിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയത്. യുവാവിന്റെ നഗ്ന ദൃശ്യങ്ങൾ മെസഞ്ചറിലൂടെ സംഘടിപ്പിച്ച ശേഷം ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് 12 ലക്ഷം രൂപയും മൊബൈൽ ഫോണും അടക്കം വിഷ്ണു കൈക്കലാക്കിയത്. കഴിഞ്ഞ ദിവസം വീണ്ടും 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു അറസ്റ്റിലായത്.