നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ഇന്ന് തുടങ്ങും; ബജറ്റ് അടുത്ത മാസം 3ന്

കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും.ബജറ്റ് അവതരണമാണ് പ്രധാന അജണ്ട. ഫെബ്രുവരി 3 നാണ് സംസ്ഥാന ബജറ്റ്. നിയമസഭാ കലണ്ടറിലെ ദൈര്‍ഘ്യമേറിയ സമ്മേളനമാണ് ഇത്. ഇന്ന് തുടങ്ങി മാര്‍ച്ച് 30 വരെയാണ് നിയമസഭ ചേരുക.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ പ്രസംഗത്തിലെ കേന്ദ്രവിരുദ്ധപരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.മാറ്റങ്ങൾ ഒന്നും നിർദേശിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനപ്രസംഗം അംഗീകരിച്ച് സംസ്ഥാന സർക്കാരിന് തിരിച്ചയച്ചത്. സാമ്പത്തികമായി ഞെരുക്കം ഉണ്ടാക്കുന്ന കേന്ദ്രത്തിനെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനമുണ്ടെന്നാണ് സൂചന.അതേസമയം സാമ്പത്തിക ഞെരുക്കം, ധൂര്‍ത്ത് പൊലീസ്- ഗുണ്ടാ ബന്ധം തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ജനുവരി 25, ഫെബ്രുവരി 1,2 തിയതികളില്‍ നയപ്രഖ്യാപന ചര്‍ച്ചയാണ്. ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയും ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ ധനാഭ്യര്‍ത്ഥന ചര്‍ച്ച ചെയ്ത് പാസാക്കുന്നതുമാണ്.