എട്ടര ലക്ഷം, 32 പവൻ, തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വൻ കവ‍ർച്ച; അയൽവാസി കണ്ടു! 'ജപ്പാൻ ജയനെ' പൊക്കി

തിരുവനന്തപുരം: അരുവിക്കരയിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥയുടെ വീട്ടിൽ വമ്പൻ കവർച്ച നടത്തിയ കേസിൽ 'ജപ്പാൻ' ജയനെന്നറിയപ്പെടുന്ന കുപ്രസിദ്ധ കള്ളനെ പൊലീസ് പിടികൂടി. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും 8 ലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവനും മോഷണം പോയ സംഭവത്തിലാണ് ജയൻ പിടിയിലായത്. മോഷണ ശേഷം കാറിൽ പ്രതി രക്ഷപ്പെടുന്നത് കണ്ട് അയൽവാസിക്ക് സംശയം തോന്നിയതാണ് കേസിൽ നി‌ർണായകമായത്. സംഭവത്തിൽ ഇനിയും കൂടുതൽ പ്രതികൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവം ഇങ്ങനെ


ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആണ് അരുവിക്കര ചെറിയ കൊണ്ണിയിൽ പകൽ സമയത്ത് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും 8 ലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവനും മോഷണം പോയത്. വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ പണവും സ്വർണ്ണവും കവർന്നു രക്ഷപ്പെടുകയായിരുന്നു. മോഷണ ശേഷം മതിൽ ചാടി കടന്നു കാറിൽ രക്ഷപ്പെടുന്ന മോഷ്ടാക്കളെ അയൽവാസിയായ വീട്ടമ്മ കണ്ടതോടെയാണ് മോഷണം പുറത്ത് അറിയുന്നത്. പിന്നീട് ഈ കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. എന്നാൽ കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം കൊല്ലത്തുള്ള ഒരു ബൈക്കിന്‍റെ നമ്പർ ആണെന്ന് കണ്ടെത്തിയാണ് അവസാനിച്ചത്. തുടർന്ന് മറ്റ് വഴികളിലൂടെ നടത്തിയ അന്വേഷണങ്ങളിലാണ് വട്ടിയൂർക്കാവ് സ്വദേശിയായ ജപ്പാൻ ജയനെ കുറിച്ച് വിവരം ലഭിക്കുന്നത്. ഇതിന് പിന്നാലെ അന്വേഷണത്തിന് റൂറൽ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ജപ്പാൻ ജയനെ തിരുവനന്തപുരത്ത് നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. മോഷണം 'ജപ്പാൻ ജയൻ' ഒറ്റയ്ക്കല്ല നടത്തിയതെന്ന് വ്യക്തമായിട്ടുപണ്ട്. ഇയാൾക്ക് പുറമെ സംഭവത്തിൽ ഇനിയും പ്രതികൾ ഉണ്ടെന്നും ഇവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചതായും അരുവിക്കര പൊലീസ് അറിയിച്ചു.